ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 8293 സ്ഥിരം നിയമനങ്ങളും 34859 താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടെ 43152 പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നല്‍കിയെന്ന് ധമന്ത്രി കെ.എന്‍. ബോലഗോവാല് നിയമസഭയില്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തി പതിനായിരത്തോളം നിയമന ശിപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞു. പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണ്.
ഈ സര്‍ക്കാര്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്കും അവരുടെ കുടുബങ്ങള്‍ക്കും ഇതുവരെ 2764.37 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്കി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ബജറ്റില്‍ വകയിരുത്തിയതിനു പുറമേ 20 കോടി രൂപ അധികമായി അനുവദിക്കുന്നു. തൊഴിലും തൊഴിലാളി ക്ഷേമവും എന്ന മേഖലയ്ക്കായി ആകെ 538.44 കോടി രൂപ വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 50 കോടി രൂപ അധികമാണ്. പരമ്പരാഗത തൊഴില്‍ മേഖലയായ ബീഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും, കയര്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് 1250/- രൂപ വീതം സാമ്പത്തിക സഹായം നല്കുന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീമിന് 100 കോടി രൂപ വകയിരുത്തി.
അതിഥി തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനം നടപ്പിലാക്കുന്ന അപ്നാ ഘര്‍, ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയ്ക്കായി 5.50 കോടി വകയിരുത്തി. വ്യാവസായിക പരിശീലന വകുപ്പ് മുഖേന iSTEP -ന് കീഴില്‍ പുതിയ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും, നിലവിലുള്ള വെബ്സൈറ്റ് നവീകരിക്കുന്നതിനും ആസ്തി പരിപാലന സോഫ്റ്റ്വെയറിനും ഉള്‍പ്പെടെ KASE-ന്റെ വിവിധ പ്രവര്‍ത്തന ങ്ങള്‍ക്കായി 33 കോടി രൂപ വകയിരുത്തി.
ഐ.ടി.ഐ. കളുടെ ആധുനികവല്‍ക്കരണത്തിനായി 25 കോടി രൂപ വകയിരുത്തി. ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് ഐ.ടി.ഐ.-യ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 2 കോടി രൂപ വകയിരുത്തി. ഐ.ടി.ഐ.-കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോട്ടീന്‍ സമ്പുഷ്ടമായ ഉച്ചഭക്ഷണം നല്കുന്ന പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തുന്നു. ഇത് മുന്‍ വര്‍ഷത്തെ വിഹിതത്തേക്കാള്‍ 6 കോടി രൂപ അധികമാണ്. ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്ക് 17 കോടി രൂപ വകയിരുത്തി. കിലെയെ ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതാണ്. അതിനായുള്ള ഒരു കോടി രൂപ ഉള്‍പ്പെടെ കിലെയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
CONTENT HIGH LIGHTS; Employment and labor welfare in the budget: 66 percent of the total PSC appointments in the country are made in Kerala, said the Finance Minister