തന്റേതായ തനത് ശൈലികൊണ്ട് മലയാള സിനിമയില്‍ സ്വീകാര്യതനേടിയ നടിയാണ് സ്മിനു സിജോ. നാല്പതാം വയസ്സില്‍ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ വ്യത്യസ്ത വേഷങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. ചെയ്യുന്ന വേഷം എത്ര ചെറുതാണെങ്കിലും അതില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്മിനുവിന് സാധിക്കാറുണ്ട്.
ഇപ്പോഴിതാ സ്വന്തം വല്യമ്മച്ചിയെ കൈകളില്‍ എടുത്തു നടന്നു വരുന്ന നടി സ്മിനുവിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചട്ടയും മുണ്ടും ധരിച്ച അമ്മൂമ്മയെ സ്നേഹപൂര്‍വം കൈകളിലെടുത്ത് വീട്ടിലേക്കു കയറുകയാണ് സ്മിനു. ബാല്യത്തിൽ തന്നെ എടുത്തുകൊണ്ടു നടന്ന അമ്മൂമ്മയോടുള്ള സ്നേഹം പങ്കുവയ്ക്കുന്ന കുറിപ്പിനൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ. കുട്ടിക്കാലത്തു ലഭിച്ച സ്നേഹത്തിന്റെ ഓർമകൾക്ക് പകരം കൊടുക്കാൻ ഇതിലും വലുതായി ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു സ്മിനുവിന്റെ കുറിപ്പ്.
‘എന്റെ അമ്മയുടെ അമ്മ. ഭൂമിയിൽ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകൾ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓർമകളിൽ പകരം കൊടുക്കാൻ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തിൽ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാർധക്യത്തിൽ അമ്മച്ചിയെ ഞാൻ എടുക്കുന്നു. കർമ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയിൽ ചെറിയ ഒരു ഓർമപ്പെടുത്തൽ. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആവട്ടെ നമ്മുടെ മാതാപിതാക്കൾ’- സ്മിനുവിന്റെ വാക്കുകൾ
സ്മിനുവിന്റെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. അതിനിടെ, താരത്തെ വിമർശിച്ചും ചിലർ രംഗത്തെത്തി. എന്തിനാണ് ഈ കാട്ടിക്കൂട്ടൽ എന്ന അർത്ഥത്തിൽ കമന്റ് ചെയ്ത ആളോട് ‘നിങ്ങളുടെ വീട്ടിലെ ആരെയും അല്ലല്ലോ എടുത്തത് എന്റെ വല്യമ്മച്ചിയെ അല്ലെ?’ എന്നായിരുന്നു സ്മിനുവിന്റെ മറുപടി.