മോഹന്‍ലാലിനെ പറ്റി ആരാധകര്‍ പറയാറുള്ള കാര്യമാണ് പഴയ ലാലേട്ടനെ വേണം, വിന്റേജ് ലാലേട്ടനെ വേണം എന്ന്. എന്നാല്‍ ആ ചിന്ത മാറ്റണമെന്ന് പറയുകയാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്റ്റൈലാണുള്ളതെന്നും തരുണ്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഴയ ലാലേട്ടനെ ഒരിക്കലും നമുക്ക് തിരിച്ച് കിട്ടില്ല. ഞാൻ ഉദ്ദേശിക്കുന്നത് അങ്ങനയൊരു മൈൻഡ് സെറ്റ് നമ്മൾ വെക്കാൻ പാടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്റ്റൈലുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിക്കും അഭിനയത്തിനുമെല്ലാം ഒരു പുതിയ സ്റ്റൈൽ ഫ്ലേവറുണ്ട്.
ലാലേട്ടൻ കിട്ടിയിട്ടുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത്, അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മോനുമൊക്കെ ഇഷ്ടമാണ്. എന്റെ മോൻ ഒരു പുലിമുരുകൻ ഫാനാണ്. അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താൻ പറ്റിയിട്ടുണ്ട്. അപ്പോൾ അത്രയും തലമുറയ്ക്ക് എങ്ങനെ ഇഷ്ടപെടുമെന്ന് മാത്രം നമ്മൾ നോക്കിയാൽ മതി,’ തരുൺ മൂർത്തി പറഞ്ഞു.
അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തുടരും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.