കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവള വികസനത്തിനായി 2047 ഓടെ 436 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ ലഭ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് സംയുക്ത പരിശോധനയ്ക്ക് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ കൂടി ഉള്‍ക്കൊള്ളുന്ന ടീം രൂപീകരിക്കുന്നതിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. പി. അബ്ദുള്‍ഹമീദിന്റെ സബ്മിഷന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ കായികമന്ത്രി വി. അബ്ദുറഹിമാനാണ് മറുപടി നല്‍കിയത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ (RESA) വികസനത്തിനായി 12.54 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 19.10.2023-ല്‍ എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്. ഇത് കൂടാതെ, റണ്‍വേ ലീഡ് ഇന്‍ ലൈറ്റും സോളാര്‍ പവേര്‍ഡ് ഹസാര്‍ഡ് ലൈറ്റും സ്ഥാപിക്കുന്നതിനായി പള്ളിക്കല്‍, ചേലേമ്പ്ര വില്ലേജുകളില്‍ നിന്നും കണ്ണമംഗലം വില്ലേജില്‍ നിന്നും 11.5ആര് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലംഉടമകള്‍ക്ക് ചില ആശങ്കകളുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ചാകും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
യാത്രാക്കാരുടെ സുരക്ഷിതത്വം, സൗകര്യം, മെച്ചപ്പെട്ട യാത്രാ അനുഭവം എന്നിവ ഉറപ്പു വരുത്തുന്നതിനായി നിരവധി വികസ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി ആഗമന കവാടത്തിലും വെസ്റ്റിബ്യൂള്‍സ് ക്രമീകരിച്ചിട്ടുണ്ട്. 24 അധിക ചെക്കിംഗ് കൗണ്ടര്‍, പുതിയ ഡൊമസ്റ്റിക്ക് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 32 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്റര്‍നാഷണല്‍ അറൈവലിനായി കൂടുതല്‍ എസ്കലേറ്റര്‍ നിര്‍മ്മാണം, ഡൊമസ്റ്റിക്ക് അറൈവലുകളില്‍ കൂടുതല്‍ ലെഗേജ് ബെല്‍റ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ടെര്‍മിനല്‍ ബില്‍ഡിംഗില്‍ കൂടുതല്‍ റിസര്‍വ്ഡ് ലോഞ്ചുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്- കോലാലംപൂര്‍, കോഴിക്കോട്-കൊച്ചി-അഗത്തി സര്‍വ്വീസുകള്‍ ആരംഭിച്ചു. ഇങ്ങനെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാ മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു.
CONTENT HIGH LIGHTS;Kozhikode International Airport Development: Master plan available for acquisition of 436 acres of land by 2047; Sports Minister for the Chief Minister in the Legislative Assembly