തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് ആയിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം.
വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സർക്കാർ കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്കിയവര്, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചർച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിർമ്മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
content highlight : wayanad-rehabilitation-only-one-estate-will-be-acquired-first-for-the-township