ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശി സുരേഷ് കുമാരൻ ആണ് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചത്. രണ്ട് റൗണ്ട് വെടിയുതിർത്താണ് പന്നിയെ കൊന്നത്. പന്നിയെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മറവ് ചെയ്തു.
സംസ്ഥാനത്ത് ഭീതി പരത്തി നാട്ടിലേക്ക് ഇറങ്ങുകയാണ് വന്യമൃഗങ്ങൾ. ആലപ്പുഴ മാന്നാറിൽ കാട്ടുപന്നി കുറുകെ ചാടി സൈക്കിൾ യാത്രികരായ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. കുട്ടംപേരൂർ സ്വദേശി രാജേഷ്, മകൻ അജയ് കൃഷ്ണ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് നരിക്കുനിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് വീട്ടുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.