ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിയ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ പത്ത് ദിവസമായ ആശ വര്‍ക്കര്‍മാര്‍ നടത്തുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് എല്ലാവരെയും വിറപ്പിക്കാന്‍ പറ്റുമെന്നാണ് ഈ സമരത്തിലൂടെ ബോധ്യപ്പെടുത്തിയത്. മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് ഈ സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തതിന് സംഘടനയുടെ നേതാക്കളോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവിടെ എത്രയോ സമരങ്ങള്‍ നടന്നു. സമരം ചെയ്യുന്നവരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറയാന്‍ എന്ത് നിയമമാണ് ഈ പാവങ്ങള്‍ ലംഘിച്ചിത്? പേടിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസ് എടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കേണ്ട. അങ്ങനെ ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ എല്ലാം നിങ്ങള്‍ക്കൊപ്പം വരാം. പൊലീസ് ഭീഷണിപ്പെടുത്തായാല്‍ തോറ്റു പിന്മാറുന്നവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്.
അനാവാശ്യമായ സമരമാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യവും അനാവശ്യവും എന്താണെന്ന് ആദ്യം തിരിച്ചറിയണം. ആശാ വര്‍ക്കര്‍മാരെ കുറിച്ച് അഭിമാനത്തോടെ പറയേണ്ട മന്ത്രിയാണ് അനാവശ്യ സമരമെന്നു പറഞ്ഞത്. കുത്തിയിളക്കിക്കൊണ്ടു വന്ന് സമരം ചെയ്യിപ്പിക്കുന്നു എന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നതു കൊണ്ടാണ് ധനകാര്യമന്ത്രി അങ്ങനെ പറഞ്ഞത്.
ഇതിന് മുന്‍പ് സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘടനയും സമരം ചെയ്തല്ലോ. അവരെയും കുത്തിയിളക്കിക്കൊണ്ട് വന്നതാണോ? സമരം ചെയ്യുന്നവരെ ആക്ഷേപിക്കേണ്ട കാര്യമില്ല. കേരളത്തില്‍ സമരം ചെയ്യുന്നത് ഒരു പുത്തരിയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്തവരാണ് ഇപ്പോള്‍ അനാവശ്യ സമരമെന്ന് പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന ഉറപ്പാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ 16 മണിക്കൂറില്‍ അധികം ജോലി ചെയ്യേണ്ട അവസ്ഥയാണ്. കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്ത സേവനം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലത്താണ് ആശ വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങിയത്. 13500 രൂപ ഓണറേറിയം കിട്ടുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. ഏഴായിരം രൂപയില്‍ കൂടുതല്‍ കയ്യില്‍ കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമരം പൊളിക്കുന്നതിനു വേണ്ടിയാണ് പതിമൂവായിരത്തിന്റെ കണക്ക് പറയുന്നത്.
മാസത്തില്‍ എല്ലാ ദിവസവും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ആശ വര്‍ക്കര്‍മാര്‍. ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയുടെ ഓണറേറിയം 21000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണ്. വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും നല്‍കണം. ഓണറേറിയത്തിന് നിശ്ചയിച്ചിരിക്കുന്ന അനാവശ്യ മാനദണ്ഡങ്ങളും പിന്‍വലിക്കണം. ഓണറേറിയം മാറ്റി വേതനം നല്‍കാനും സര്‍ക്കാര്‍ തയാറാകണം.
ഐക്യ ജനാധിപത്യ മുന്നണി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണപിന്തുണ നല്‍കും. സമരം വന്‍ വിജയമായി മാറും. ആശ വര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ- ധനകാര്യമന്ത്രിമാരുമായും പ്രതിപക്ഷ നേതാവെന്ന നിലയില്‍ നേരിട്ട് സംസാരിക്കും.
CONTENT HIGH LIGHTS; The minister who should be proud of the Asha workers criticizes the strike as unnecessary: the strike has been going on for ten days; Wages should be paid in lieu of honorarium