തലസ്ഥാന നഗരം പതിയെ ഭക്തിസാന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെറുകിട-വന്‍കിട കച്ചവടക്കാരും തെരുവു കച്ചവടക്കാരും തുടങ്ങിക്കഴിഞ്ഞു. ഫുട്പാത്തുകളിലെല്ലാം മണ്കലങ്ങള് ഇടംപിടിച്ചു കഴിഞ്ഞു. അമ്മയ്ക്ക് നിവേദ്യം വെയ്ക്കാനുള്ള മണ്‍കലമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചുകൊണ്ടിരിക്കുന്നത്. കരമന ആറിന്റെ പാലത്തിനിപ്പുറം മുതല്‍ നഗരത്തില്‍ എല്ലായിടത്തും ഫുട്പാത്തുകളില്‍ വില്‍പ്പനക്കാരുടെ കലങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.
സ്ത്രീകളുടെ ഉല്‍സവമായ ആറ്റുകാല്‍ പൊങ്കാല കച്ചവടത്തിന്റെ സാധ്യതകള്‍ കൂടി തുറന്നിടുന്നുണ്ട്. ചെറുകിട-വന്‍കിട കച്ചവടക്കാര്‍ക്ക് ഒരുപോലെ ഉത്സവം ഗുണം ചെയ്യുന്നുണ്ട്. പൊങ്കാല സാരി വരെ വില്‍പ്പനയ്ക്കെ എത്തിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. തെരളിഅപ്പം ഉണ്ടാക്കുന്ന വയണ ഇല വരെ വില്‍പ്പന നടത്തുന്നവരുണ്ട് ഈ സമയം. സ്ത്രീകളുടെ ഉല്‍സവമായ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള കലം വില്പനയിലും മേധാവിത്വം സ്ത്രീകള്‍ക്കാണ്. തിരുവനന്തപുരത്തിന്റെ തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പരമ്പരാഗതമായി പൊങ്കാല കച്ചവടത്തിനെത്തുന്നത്.
മണ്കലത്തില് നിറഞ്ഞ് തുളുമ്പുന്ന നിവേദ്യമാണ് പൊങ്കാലക്കാഴ്ചകളിലെ പുണ്യം. ആ നിമിഷത്തിന്റെ വരവറിയിക്കുകയാണ് വഴിയോരങ്ങളിലെല്ലാം നിറയുന്ന ഈ കാഴ്ചകള്‍. വെറും കച്ചവടമല്ല, പൊങ്കാല അര്‍പ്പിക്കല്‍ പോലെ പുണ്യമാണ് പൊങ്കാല വിഭവങ്ങളുടെ വില്‍പ്പനയെന്നും വിശ്വസിക്കുന്നവരുണ്ട്. മുടങ്ങാതെ പൊങ്കാലയിടാന്‍ എത്തുന്നവരെപ്പോലെ വര്‍ഷങ്ങളായി പൊങ്കാല കലം വില്ക്കാന് എത്തുന്നവരും കുറവല്ല. നെയ്യാറ്റിന്‍കര പാറശാല പോലുള്ള അതിര്‍ത്തി മലയോരഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നുള്ള കലവുമായി പൊങ്കാലകച്ചവടത്തിനെത്തുന്നത്. ആഴ്ചകള്‍ക്ക് മുന്‍പേ വന്ന് ഇവര്‍ ഇവിടെ താമസിച്ച്, പൊങ്കാലയുമിട്ട ശേഷമേ മടങ്ങൂ.
കലംമാത്രമല്ല ചൂട്ടും കൊതുമ്പിലും വരെ ഇവിടെ കിട്ടും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലകൂടുതലാണങ്കിലും കലം വാങ്ങാനും തിരക്കാണ്. പൊങ്കാലയും വില്‍പ്പനയുമെല്ലാം സ്ത്രീകളുടെ ആഘോഷമാണങ്കിലും കലം വാങ്ങി നല്കി സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരും മുന്നിലുണ്ടാകും. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല ഉത്സവത്തിന് മാര്‍ച്ച് 5ന് തുടക്കമാകും. അന്നേ ദിവസം രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13നാണ്. 13ന് രാവിലെ 10:15ന്് പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. ഉച്ചയ്ക്ക് 1:15 നാണ് പൊങ്കാല നിവേദ്യം നടക്കുക.
മാര്‍ച്ച് 14 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും. തിരുവനന്തപുരം നഗരത്തിന്റെ ഉത്സവമാണ് എങ്കിലും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വിശിഷ്യാ തെക്കന്‍ ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ദേവി ഭക്തരും, ശക്തി ഉപാസകരും ഇതില്‍ പങ്കെടുക്കാറുണ്ട്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ഉത്സവം ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. പൊങ്കാലയ്ക്കായി ഭഗവതി തന്റെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്ന് എത്തുന്നു എന്നാണ് വിശ്വാസം.
ആറ്റുകാലില്‍ പൊങ്കാല ഇട്ടു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളില്‍ ആറ്റുകാലമ്മ തുണ ആകുമെന്നും, ഒടുവില്‍ ഭഗവതിയുടെ സന്നിധിയില്‍ മോക്ഷം പ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം കൂടി ആണിത്. അനന്തപുരിയുടെ ദേശീയ ഉത്സവം എന്ന് ആറ്റുകാല്‍ പൊങ്കാല വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയെ മാതൃകയാക്കി കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളില്‍ ഇന്ന് പൊങ്കാല നടന്നു വരുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മലയാളികളുടെ സാന്നിധ്യമുള്ള വിദേശ രാജ്യങ്ങളില്‍ പോലും ആറ്റുകാല്‍ പൊങ്കാല നടക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കില്‍ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര് ഈ ഉത്സവത്തില്‍ പങ്കെടുത്തു. തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ള ആറ്റുകാലമ്മയുടെ തോറ്റം പാട്ടില്‍, വടക്കുംകൊല്ലത്തെ കന്യാവ് കാളി രൂപം പൂണ്ട് തന്റെ ഭര്‍ത്താവിനെ അന്യായമായി വധിച്ച പാണ്ട്യരാജാവിനെ വധിച്ച ശേഷം ശിരസ് ശ്രീമഹാദേവന് സമര്‍പ്പിക്കുന്ന ഭാഗം പാടിയാണ് പൊങ്കാല ആരംഭിക്കുന്നത്.
പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജന നിബിഡമാകും. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കിലോമീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. ആറ്റുകാലില്‍ പൊങ്കാല ഇട്ടു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളില്‍ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവില്‍ പരാശക്തിയില്‍ മോക്ഷം പ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
-
പൊങ്കാല
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഇന്നത് പരാശക്തിയുടെ ഉപാസകരായ ഹൈന്ദവ വിഭാഗത്തിന്റെ ജനകീയമായ ഒരു ആരാധനാ മാര്‍ഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ദുര്‍ഗ്ഗ, ഭദ്രകാളി, ശ്രീപാര്‍വതി, ഭുവനേശ്വരി, അന്നപൂര്‍ണേശ്വരി, ശ്രീകുരുംമ്പ, ഭഗവതി തുടങ്ങിയ പരാശക്തി ക്ഷേത്രങ്ങളില്‍ ഇവ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും അന്നപൂര്‍ണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഭക്തരുടെ ആഗ്രഹങ്ങള്‍ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്.
പൊങ്കാലയ്ക്ക് മുന്‍പ് ഭക്തര്‍ വ്രതം നോല്‍ക്കുകയും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യാറുണ്ട്. ചിലര്‍ അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്രതം ആരംഭിക്കുകയും സ്വന്തം വീടുകളില്‍ തന്നെ പൊങ്കാല അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തില്‍ ഭക്തര്‍ സ്വന്തം വീടുകളിലും തന്നെയായിരുന്നു പൊങ്കാല അര്‍പ്പിച്ചിരുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളായ മലയാളി സ്ത്രീകള്‍ അതാത് സ്ഥലങ്ങളില്‍ തന്നെ പൊങ്കാല അര്‍പ്പിച്ചു കാണപ്പെടുന്നു. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്, മലര്, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ.
പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തില്‍ മിക്കയിടത്തും ഭക്തര്‍ക്കായി അന്നദാനം നടക്കാറുണ്ട്. പൊങ്കാലയില്‍ പ്രധാനമായും മൂന്ന് വിഭവങ്ങള്‍ ആണ് കാണപ്പെടാറുള്ളത്. ശര്‍ക്കര പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം തുടങ്ങിയവ ആണത്. സാധാരണയായി മിക്കവരും ശര്‍ക്കര പായസമാണ് നിവേദിക്കാറുള്ളത്. രോഗങ്ങള്‍ മറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്. അരിയും പയറും ശര്‍ക്കരയും മറ്റും ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ പ്രഥമന്‍, വെള്ള ചോറ്, സേമിയ, പാല്‍പ്പായസം, പാലട, മോദകം, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമര്‍പ്പിച്ചാല്‍ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
-
പൊങ്കാല കച്ചവടം
പ്രധാനമായും പൊങ്കാല ആരംഭിക്കുന്നതു വരെ നടക്കുന്ന കട്ടവടമാണ് പൊങ്കാല കച്ചവടം. പൊങ്കാലയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാത്രമായിരിക്കും കച്ചവടക്കാര്‍ വില്‍പ്പനയ്ക്കു വെയ്ക്കുക. കാരണം, ഇതിന് അന്നേ ദവിസം വരെ ആവശ്യക്കാര്‍ ഏറെയാണ്. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങള്‍ നഗരത്തില്‍ എത്തി പൊങ്കാല ഇടാനുള്ള സ്ഥലം കണ്ടെത്തിയ ശേഷമാണ് വാങ്ങുന്നത്. അതില്‍ പൊങ്കാല കലം മുതല്‍ അടുപ്പു കൂട്ടുന്ന ഇഷ്ടിക വരെയുണ്ടാകും. പൊങ്കാലയ്ക്ക് വില്ക്കാന് എത്തിക്കുന്ന ഇഷ്ടികയ്ക്കൊക്കെ തീ വിലയാണ്. കലത്തിനും സമാന വില ഈടാക്കുന്ന കച്ചവടക്കാരുണ്ട്.
കാരണം, പൊരി വെയിലത്ത്, സിറ്റിയിലെ തിരക്കില്‍ വിലകുറവുള്ള കലം അന്വേഷിച്ച് നടക്കേണ്ടെന്ന് കരുതി ആള്ക്കാര് കിട്ടുന്ന വിലയ്ക്ക് ഇഷ്ടികയും കലവുമെല്ലാം വാങ്ങിക്കും. ഇതറിയാവുന്നവരാണ് കൊള്ള ലാഭം ഉണ്ടാക്കാനായി വിലകൂട്ടി വില്‍ക്കുന്നത്. അതിനായി ആഴ്ചകള്‍ക്കു മുമ്പു തന്നെ കലങ്ങള്‍ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. അതെല്ലാം നഗരത്തിലെ ഫുട്പാത്തുകളില്‍ ഭദ്രമായി ഒതുക്കി അടുക്കി വെച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇഷ്ടികയും, പൊങ്കാലയ്ക്കാവശ്യമാ സാധനങ്ങളും എത്തിക്കുകയാണ് പതിവ്. പൊങ്കാല കലവും, മറ്റു സാധനങ്ങളുമെല്ലാം ചേര്‍ത്ത് പ്രത്യേക പാക്കറ്റായി ഇപ്പോള്‍ വില്‍പ്പന നടത്തുന്നവരുമുണ്ട്. വെള്ള തോര്‍ത്തു മുതല്‍, വീശറി വരെ വില്‍ക്കുന്നവരുമുണ്ട്.
CONTENT HIGH LIGHTS; The city began to fill with the Pongal pot of devotion: bricks, firewood, mosquito nets, and Pongal paraphernalia for sale; Only days left to become Sabarimala for women; Attukal Pongal on March 13