ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പരിപാടിയുടെ ഭാഗമാകും.
ശശി തരൂരിന്റെ ലേഖനത്തിന് പിന്നാലെ ദിവസങ്ങളായി വിവാദങ്ങള്‍ കത്തുകയായിരുന്നു. കേരളം വ്യവസായ സൗഹൃദമെന്ന് സർക്കാരും തട്ടിപ്പെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയ്ക്ക് കൊടിയേറുന്നത്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ, വിദേശ പ്രതിനിധികൾ, പ്രമുഖ വ്യവസായികൾ തുടങ്ങിയവർ ഉച്ചകോടിയുടെ ഭാഗമാകും. ബിസിനസ് സാധ്യതകൾ, സ്റ്റാർട്ട് അപ്-ഇനോവേഷൻ പ്രോത്സാഹനം, ഓട്ടോമോട്ടീവ് ടെക്നോളജി-ഇനോവേഷൻ ഭാവി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന ചർച്ചകളുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയുടെ ഭാഗമാകും.
ഉച്ചകോടിയിൽ പ്രതിപക്ഷത്തിന്റെ പങ്കാളിത്തവും സർക്കാർ ഉറപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടന സമ്മേളനത്തിലും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കും.