റാഞ്ചി: 68 വയസുള്ള രോഗിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന് കുംഭമേളയ്ക്ക് പോയി. നാല് ദിവസങ്ങള്‍ക്ക് ശേഷം, വൃദ്ധയായ സ്ത്രീ ക്വാര്‍ട്ടേഴ്സിന്റെ ഗേറ്റിലെത്തി സഹായത്തിനായി മുട്ടിയപ്പോള്‍ അയല്‍വാസിയാണ് അവശയായ സഞ്ജു ദേവിയെ കാണുന്നത്. ഝാര്‍ഖണ്ഡിലെ രാംഗഢ് മേഖലയിലാണ് സംഭവം.
ആരോ അകത്തു നിന്ന് ഗേറ്റില്‍ മുട്ടുന്നത് കേട്ടു. ഗേറ്റിലെ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ സഞ്ജു ദേവി സഹായത്തിനായി കരയുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞു. ഉടന്‍ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയും അവര്‍ പൂട്ടുതുറന്ന് വൃദ്ധയെ രക്ഷിക്കുകയും ചെയ്തു. വിശന്ന് അവശയായ നിലയിലാണ് അവരെ കണ്ടെത്തിയത്. മകന് അഖിലേഷ് പ്രജാപതി ഭാര്യ സോണിയോടും കുട്ടികളോടും അമ്മായിയമ്മയ്ക്കുമൊപ്പമാണ് പ്രയാഗ് രാജില്‍ പുണ്യസ്നാനം നടത്താന്‍ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പോയത്.
സഞ്ജുദേവിയുടെ കാലിനും കൈക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. കാലുകളിലെ മുറിവുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. സംസാരിക്കാനോ നടക്കാനോ സാധിക്കാത്ത നിലയിലാണ് സഞ്ജു ദേവിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഇവരുടെ സഹോദരനും മകളും സ്ഥലത്തെത്തി. കുംഭമേളയ്ക്ക് പോകുന്ന വിവരം സഹോദരന് തന്നെ അറിയിച്ചില്ലെന്നും അയാള്‍ എപ്പോഴും സ്വാര്‍ഥനാണെന്നും എന്നാല്‍ ഇത്രത്തോളം തരംതാഴ്ന്നു പോയെന്ന് കരുതിയില്ലെന്നും സഹോദരി പറഞ്ഞു.
എന്നാല്‍ അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് കുംഭമേളയ്ക്ക് കൊണ്ടുപോകാത്തതെന്നാണ് മകന്റെ വിശദീകരണം. അമ്മയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടാണ് പ്രയാഗ് രാജില്‍ പോയതെന്നാണ് മകന്റെ വിശദീകരണം.