കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉച്ചകോടിക്ക് എത്തിയ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 2015 ൽ വലിയ നേട്ടങ്ങൾ കേരളം കൈവരിച്ചു. നിരവധി ട്രേഡ് യൂണിയനുകൾക്ക് മന്ത്രിയും താനും നേതൃത്വം നൽകിയിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി ഡി സതീശൻ ഉച്ചകോടിയിൽ പറഞ്ഞു.
ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടി എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ല, നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതിൽ സർക്കാറിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് കേരളത്തിനോടുള്ള താല്പര്യം ആണ് ഈ കാണുന്നത് എന്നും ഉച്ചക്കോടിക്ക് എത്തിയ പ്രതിനിധികളേയും ആയിരങ്ങളേയും സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞു.