തീക്ഷ്ണമായ സമരപോരാട്ടങ്ങള്‍ നയിച്ച ജനകീയ നേതാവിനെയാണ് കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്ന തെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്റര്‍ അനുശോചിച്ചു.
കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായും തുടര്‍ന്ന് യുവജന പ്രവര്‍ത്തകനായും പൊതുരംഗത്തേയ്ക്ക് കടന്നുവന്ന റസല്‍ അതിതീക്ഷ്ണ പോരാട്ടങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങള്‍ നയിച്ച റസല്‍ ക്രൂരമായ പൊലീസ് മര്‍ദനത്തിനും ഇരയായി. കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിട്ടും റസല്‍ നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായുള്ള പോരാട്ടം തുടര്‍ന്നു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തില്‍ നടത്തിയ അത്യുജ്ജ്വല ഇടപെടലുകള്‍ നാട് മറക്കില്ല. ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും സംഘപരിവാറുകാര്‍ ചുട്ടുകൊന്നപ്പോള്‍ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നല്കി.
സിപിഐ എം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനുമായ ഇടപെടലുകള്‍ നടത്തി. സഹകാരിയെന്ന നിലയില്‍ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിക്കാനായി. യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസല്‍ കോട്ടയത്ത് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവര്‍ത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസല്‍ നിറഞ്ഞു നിന്നിരുന്നു.
സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേര്‍ത്ത് അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്. അര്‍ബുദരോഗത്തെ ചെറുത്തും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കവെയാണ് അപ്രതീക്ഷിതമായി മരണം കടന്നുവന്നത്. ചികിത്സയിലായിരുന്ന റസലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങള്‍ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോള്‍ പങ്കുവെച്ചത്.
ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ് അപ്രതീക്ഷിത വിയോഗത്തിന് കാരണമായത്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയില്‍ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാര്‍ട്ടിക്ക് അപരിഹാര്യമായ നഷ്ടമാണ്. പാര്‍ട്ടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയില്‍ ഒപ്പംചേരുന്നു. പ്രിയ സഖാവിന് രക്താഭിവാദ്യങ്ങള്‍.
CONTENT HIGH LIGHTS;What has been lost is the popular leader who led fierce struggles: MV Govindan Master