തിരുവനന്തപുരം : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് . ജില്ലാ പഞ്ചായത്ത് സ്ഥലം ഇടപാടിൽ പി പി ദിവ്യ അഴിമതി നടത്തിയെന്നാണ് ഷമ്മാസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ബിനാമി കമ്പനിക്ക് ദിവ്യ കരാറുകൾ കൈമാറിയെന്നും കുടുംബശ്രീ കിയോസ്ക്ക് നിർമ്മിച്ചതിൽ വൻ അഴിമതി നടത്തിയെന്നും ഷമ്മാസ് ആരോപിക്കുന്നു.
സംഭവത്തിൽ രേഖകൾ സഹിതം പി പി ദിവ്യയ്ക്ക് എതിരെ വിജിലൻസ് ഡയറക്ടർക്ക് ഷമ്മാസ് പരാതി നൽകി.സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പി പി ദിവ്യ പെരുങ്കള്ളിയാണെന്ന് ആരോപിച്ച മുഹമ്മദ് ഷമ്മാസ് പുറത്തുവന്നത് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും പറഞ്ഞു. ഒരു മാസം മുൻപും പി പി ദിവ്യയ്ക്കും ഭർത്താവിനും എതിരെ സമാന ആരോപണം ഷമ്മാസ് ഉന്നയിച്ചിരുന്നു.ബിനാമി കമ്പനിയുമായി ചേർന്ന് പി പി ദിവ്യയുടെ ഭർത്താവ് നാല് ഏക്കർ ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം.
എന്നാൽ തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങി എന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു പി പി ദിവ്യ അന്ന് മറുപടി നൽകിയത്. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.