ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
മലയന്‍കീഴ് സ്വദേശികളായ അനീഷിനും ഭാര്യയ്ക്കും കരിക്കകം പമ്പ് ഹൗസിന് സമീപമുള്ള 12 സെന്റ് സ്ഥലത്തിന്റെ പേരിലാണ് തര്‍ക്കം തുടങ്ങിയത്. ഈ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുന്നതിനായി മൂന്ന് സെന്റ് വിട്ടുനല്‍കണമെന്ന് ഒരു സംഘമാളുകള്‍ അനീഷിനോട് ആവശ്യപ്പെട്ടു.
മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും അനീഷ് നിലപാടെടുത്തു. ഇത് സ്വീകാര്യമല്ലാതിരുന്ന സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു. ഇതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്നത്തെ മര്‍ദനത്തിലേക്ക് വഴിവച്ചത്.
സ്ഥലത്ത് അതിക്രമിച്ച് കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തിയതി സമര്‍പ്പിച്ച പരാതി പേട്ട പൊലീസ് സ്റ്റേഷനിലുണ്ട്. എതിര് കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. 17-ാം തിയതി അനീഷ് കോടതിയും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും പതിനെട്ടാം തിയതി എതിര്‍കക്ഷികള്‍ അനീഷിന്റെ സ്ഥലത്ത് വീണ്ടുമെത്തി വിളക്കുവച്ചു. ഇത്തരം സംഭവങ്ങള്‍ പതിവായപ്പോള്‍ സ്ഥലത്ത് ഒരു ഗേറ്റ് സ്ഥാപിക്കാന്‍ അനീഷ് ആര്യയ്ക്കൊപ്പമെത്തിയപ്പോഴാണ് അവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.