പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്രി കുൽദീപ് സിങ് ധലിവാൾ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. ഗസറ്റ് വിജ്ഞാപനത്തിലാണ് കാര്യങ്ങൾ വെളിപ്പെട്ടത്. ധലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്കാര വകുപ്പ് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഗസറ്റ് വിജ്ഞാപനം.
2023 മെയിലാണ് മന്ത്രി സഭാ പുഃസംഘടനയിൽ ധലിവാളിന് ഭരണപരിഷ്കാര വകുപ്പിന്റെയും പ്രവാസികാര്യ വകുപ്പിന്റെയും ചുമതല നൽകിയത്. 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നുവെങ്കിലും ധലിവാളിന്റെ രണ്ട് വകുപ്പുകളിലും മാറ്റംവരുത്തിയിരുന്നില്ല. പിന്നീടാണ് ഭരണപരിഷ്കാര വകുപ്പ് നിലവിലില്ലെന്ന വിവരം പുറത്തുവരുന്നത്.
അതേസമയം സംഭവത്തിൽ പ്രതികരിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പഞ്ചാബിനാണ് ആംആദ്മി പാർട്ടി പ്രഥമ പരിഗണന നൽകുന്നതെന്നും വകുപ്പല്ല പ്രധാനമെന്നും അദ്ദേഹം പ്രതികരിച്ചു. “അവർ ഇപ്പോൾ വകുപ്പ് നിർത്തലാക്കിയിരിക്കുന്നു. ഞങ്ങളെല്ലാം പഞ്ചാബിനെ രക്ഷിക്കാനാണ് വന്നിരിക്കുന്നത്. എനിക്ക് വകുപ്പല്ല പ്രധാനം; പഞ്ചാബാണ് പ്രധാനം” ധാലിവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.