ഗോവധ നിരോധനം കര്‍ശനമാക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍. സംസ്ഥാനത്തുടനീളമുള്ള ജില്ലാ അധികാരികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോവധം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗോവധം റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗോകുലാനന്ദ പറഞ്ഞു. തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ പശുക്കടത്തുകാരില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒമ്പത് കോടി രൂപയ്ക്ക് 200 ഗോശാലകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിനായി എന്‍ജിഒ കളെ ഉള്‍പ്പെടുത്തിക്കൊണ്ടു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ കാമധേനു പദ്ധതി വലിയ രീതിയില്‍ സ്വീകാര്യത നേടിയിട്ടുണ്ട്. കാമധേനു പദ്ധതിയില്‍ ഗോശാലകള്‍ക്ക് 52 ലക്ഷം രൂപയും പശുവിനെ വളര്‍ത്തുന്നവര്‍ക്ക് ഒരു പശുവിന് 2,000 രൂപ വീതം സബ്സിഡിയും നല്‍കുമെന്ന് മന്ത്രി ഗോകുലാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലി കടത്ത് തടയുന്നതിന് അന്തർസംസ്ഥാന അതിർത്തികളില്‍ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.