ഗാസയിൽ നിന്ന് ആറു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള മൂന്ന് ഘട്ട വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ സംഘത്തിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന ബന്ദികളാണ് ഇവർ.
27 കാരനായ ഏലിയാ കുഹന്, 22 വയസ്സുള്ള ഒമർ ശേം ടോവ്, 23 വയസുള്ള ഒമർ വെങ്കർട്ട്, എന്നിവരെ ഉൾപ്പെടെയാണ് മോചിപ്പിച്ചിരിക്കുന്നത്. എന്നാൽ പകരം പാലസ്തീനിയൻ തടവുകാരായ 602 പേരെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രയേൽ അവസാന നിമിഷം പിന്മാറി.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിൽ നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരെയാണ് ഇപ്പോൾ വിട്ടയച്ചത്. സെൻട്രൽ ഗാസയിലെ നുസീറത്തിൽ റെഡ് ക്രോസിനാണ് ഹമാസ് ഇവരെ കൈമാറിയത്.
ബന്ദികളാക്കിയവർക്ക് പകരമായി, ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 622 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. യുദ്ധകാലത്ത് ഇസ്രയേൽ സൈന്യം പിടികൂടിയ 445 ഗാസക്കാർക്കൊപ്പം ജീവപര്യന്തം തടവോ ദീർഘകാല ശിക്ഷയ്ക്കോ വിധിക്കപ്പെട്ട് ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന നൂറ്റമ്പതോളം പേരെയും സ്വതന്ത്രരാക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇത് അവസാന നിമിഷം മാറ്റി.