മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്.
ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ വിപണി ഇടിയാന്‍ കാരണമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അമേരിക്കന്‍ വിപണിയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
റെക്കോര്‍ഡ് തകര്‍ക്കുമോ? തിരിച്ചുകയറി സ്വര്‍ണവില; 64,500ലേക്ക്
ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. സെന്‍സെക്സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം സണ്‍ഫാര്‍മ, ബിപിസിഎല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
അതേസമയം രൂപ നേട്ടത്തിലാണ്. ഒരു പൈസയുടെ നേട്ടത്തോടെ 86.67 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്.
content highlight: Sensex