തെലങ്കാന നാഗർകുർണൂൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു. എന്നിരുന്നാലും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യ മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് ഈ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കുറഞ്ഞത് മൂന്ന് മുതൽ നാല് ദിവസമെങ്കിലും എടുത്തേക്കാം. സത്യം പറഞ്ഞാൽ, അവർ ജീവനോടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. കാരണം അപകടസ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള അറ്റം വരെ താൻ പോയി. ഞങ്ങൾ ഫോട്ടോകൾ എടുത്തപ്പോൾ, തുരങ്കത്തിന്റെ അവസാനം വ്യക്തമായിരുന്നു, തുരങ്കത്തിന്റെ 9 മീറ്റർ വ്യാസത്തിൽ നിന്ന് 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരുന്നു- മന്ത്രി പറഞ്ഞു.
തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങൾ രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കൃഷ്ണ റാവു പറഞ്ഞു.
എട്ട് പേരിൽ രണ്ട് പേർ എഞ്ചിനീയർമാരും രണ്ട് പേർ ഓപ്പറേറ്റർമാരുമാണ്, നാല് പേർ തൊഴിലാളികളുമാണ്. ഉത്തർപ്രദേശിൽ നിന്നുള്ള മനോജ് കുമാർ, ശ്രീ നിവാസ്, സണ്ണി സിംഗ് (ജമ്മു കശ്മീർ), ഗുർപ്രീത് സിംഗ് (പഞ്ചാബ്), സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, ജാർഖണ്ഡിൽ നിന്നുള്ള അനുജ് സാഹു എന്നിവരാണ് തുരങ്കത്തിൽ അകപ്പെട്ടിരിക്കുന്നത്.