പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ സംയമനത്തോടെ പെരുമാറുന്നതിനും പൊതുജനത്തിന്റെ പെരുമാറ്റത്തിൽ പ്രകോപിതരാകാതിരിക്കാനും ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകണമെന്ന് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നൽകി.
പതിവിന് വിപരീതമായി കൂടുതലായി വന്ന തുകയെ കുറിച്ച് അന്വേഷിക്കാൻ 2023 ജൂലൈ 15ന് ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയയാളെ ഉദ്യോഗസ്ഥർ തെറി വിളിക്കുകയും അശ്ലീല പരിഹാസം നടത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്. ഓഫീസ് സമയത്തിന് മുമ്പാണ് സംഭവം നടന്നതെന്നും ഉപഭോക്താവിനോട് ഉദ്യോഗസ്ഥർ സൗഹാർദ്ദത്തോടെയാണ് പെരുമാറിയതെന്നും ജല അതോറിറ്റി പോങ്ങുംമൂട് അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പരാതിക്കാരനായ ചെറുവയ്ക്കൽ സ്വദേശി എൻ. ഷാജു ആരോപണം ആവർത്തിച്ചതോടെ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. എന്നാൽ രാവിലെ 09.30 ന് നടന്ന സംഭവമായതിനാൽ തെളിവുകൾ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥർ പരാതികൾക്ക് ഇടവരുത്താതെ പെരുമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
ആവശ്യമെങ്കിൽ പരാതി എഴുതി വാങ്ങി പരാതിക്ക് സത്വരപരിഹാരം കാണാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകണമെന്നും അവ ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ജല അതോറിറ്റി എം.ഡി. ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
CONTENT HIGH LIGHTS; Human Rights Commission to train water authority officials who interact directly with the public to behave with restraint