വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം, ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.
കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്.
വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.