തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടി കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്.
അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര. തിരുനന്തപുരം പാങ്ങോട് എത്തിയ പ്രതി ബാപ്പയുടെ ഉമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. തല ഇടിച്ച് മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലക്ക് ഇടിച്ചായിരുന്നു മുത്തശ്ശിയെ പ്രതി കൊലപ്പെടുത്തിയത്.
ആദ്യ കൊലക്ക് ശേഷം പനവൂർ എസ് എൻ പുരത്തെത്തി ബാപ്പയുടെ സഹോദരി, സഹോദരി ഭർത്താവ് എന്നിവരെ കൊലപ്പെടുത്തി. ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ പ്രതി എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനിയൻ അഫ്സാൻ വീട്ടിൽ ഉണ്ടായിരുന്ന പ്രതിയുടെ പെൺസുഹൃത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിലെ ഗ്യാസും തുറന്നു വിട്ടിരുന്നു.