പാലക്കാട്: അട്ടപ്പാടി അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ. ഇന്ന് രാവിലെ എട്ട് മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. തുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സ്കൂളിന് പുറകിൽ വനമാണ്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു. 500ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പുലിയെത്തിയെന്ന് പുറത്തുവന്നതോടെ കുട്ടികളുടെ രക്ഷിതാക്കളും ഭീതിയിലാണ്. വനവകുപ്പ് ഉടൻ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.