ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വം എന്ന് അദ്ദേഹം പറഞ്ഞു. തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണ്.അത്തരമൊരു നേതാവിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നത്.ഒരു ഇംഗ്ളീഷ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യ സഖ്യത്തിലെ ഐക്യം തകർത്തത് കോൺഗ്രസെന്നും പിണറായി കുറ്റപ്പെടുത്തി.
അതിനിടെ പോഡ്കാസ്റ്റ് അഭിമുഖത്തിൽ ശശി തരൂർ വ്യക്തത വരുത്തി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേയാണ് അഭിമുഖം എടുത്തത്. കൂടിക്കാഴ്ചയ്ക്ക് 10 ദിവസം മുന്നേ അഭിമുഖം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി..മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യമടക്കം പരസ്യമായി ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുള്ള തരൂരിന്റെ നീക്കത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം തന്നെയാണ്. ഒരു പരിഗണനയും പാര്‍ട്ടിയിൽ ഇല്ലെന്ന് പരാതി അദ്ദേഹത്തിനുണ്ട്. ലോക്സഭയിൽ അര്‍ഹമായ അവസരം നൽകുന്നില്ല . വിദേശ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്റി സമിതി അധ്യക്ഷ സ്ഥാനം നൽകിയെങ്കിലും പൂര്‍ണ തൃപ്തിയില്ല . പ്രവര്‍ത്തക സമിതി അംഗമെന്നതിന് അപ്പുറം സംഘടനാ കാര്യങ്ങളിൽ റോള്‍ കിട്ടുന്നില്ല. താൻ രൂപീകരിച്ച പ്രൊഫഷണൽസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ രീതിയിലും തരൂരിന് കടുത്ത അതൃപ്തിയുണ്ട്
. സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള മൂന്നു പേരിൽ ഒരാളായിട്ടും സംസ്ഥാന കോണ്‍ഗ്രസിലെ ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നും പരാതിയുണ്ട് . രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പരാതി അറിയിച്ച അദ്ദേഹം ഇതേ കാര്യം അടുപ്പമുള്ള നേതാക്കളോട് ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കാള്‍ പാര്‍ട്ടിയിലെ പരിഗണനയാണ് തരൂര്‍ ആവശ്യപ്പെടുന്നത്. അവഗണന തുടര്‍ന്ന് എന്തിന് ഇവിടെ നില്‍ക്കണമെന്നാണ് അനുനയനീക്കം നടത്തിയ നേതാക്കളോട് അദ്ദേഹം ചോദിച്ചത് . ഇടതു സര്‍ക്കാരിനെയും മോദി ട്രംപ് കൂടിക്കാഴ്ചയെയും തരൂര്‍ പ്രശംസിച്ചു . വേറെ വഴി നോക്കുമെന്നും അഭിമുഖത്തിൽ തുറന്നു പറഞ്ഞതോടെയാണ് തരൂരിനെ കൂട്ടാൻ ഇതര പാര്‍ട്ടികളിലുള്ളവര്‍ കരുനീക്കം തുടങ്ങിയത്. വിവാദ പ്രസ്താവനകളോട് യോജിപ്പില്ലെങ്കിലും തരൂര്‍ പാര്‍ട്ടി വിട്ടുപോയാൽഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് നിലപാടുള്ളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലമുണ്ട് .പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു