തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല.
പഠിക്കാൻ മിടുക്കിയായ ഫർസാനയെ ദാരുണമരണത്തിൻ്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂർ ഗ്രാമം. അഞ്ചൽ സെൻ്റ് ജോൺസ് കോളേജിലെ എംഎസ് സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. സ്കൂൾ തലം മുതൽ പഠിക്കാൻ മിടുമിടുക്കി. സ്കൂൾ തലം മുതലാണ് അഫാന് ഫർസാനയുമായുള്ള പരിചയമെന്നാണ് വിവരം. സമീപത്ത് ഒരു സ്ഥലത്ത് ട്യൂഷൻ എടുക്കാൻ പോകുന്നുണ്ട് ഫർസാന. ഇവരുടെ ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധത്തിൽ കുടുംബങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ഫർസാനയുമായി അഫാൻ ഇന്നലെ ബൈക്കിൽ പോകുന്നത് അഫാൻ്റെ ബന്ധുക്കൾ കണ്ടിരുന്നു. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിട്ടാണ് അഫാന് ഫര്‍സാനയെ കൊന്നത്. ചുറ്റിക കൊണ്ട് പലവട്ടം തലക്കടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുഖം വികൃതമായ നിലയിലാണ്. ഫർസാനയുടെ അച്ഛൻ സുനിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ഏറ്റെടുത്ത് ചെയ്യുകയാണ്. മരണം അറിഞ്ഞത് മുതൽ അച്ഛനും അമ്മനും തളർന്ന നിലയിലാണ്.