ആഗ്ര: ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കരഞ്ഞുകൊണ്ടാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ, മാനവ് തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. കൂടാതെ “ദയവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നു”എന്നും പറയുന്നുണ്ട്.
തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോടായി മാനവ് പറയുന്നു. കൂടാതെ താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. സംഭവത്തിന് പിന്നാലെ മാനവ് ശർമ്മയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മാനവിന്റെ ഭാര്യ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നും നേരത്തെയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാര്യ നികിത പറഞ്ഞു.
‘അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു. പലതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മൂന്നുതവണ ഞാനാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. മദ്യപിച്ചാൽ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ പറഞ്ഞതെല്ലാം അവർ അവഗണിക്കുകയായിരുന്നു. ആളുകൾ എന്റെ ഭാഗം കേൾക്കണം’, നികിത പറഞ്ഞു. നേരത്തെ, ബെംഗളൂരുവിൽ ടെക്കിയായിരുന്ന അതുൽ സുഭാഷും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)