നാഗ്പുര്‍: കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ പിടിമുറുക്കുന്നു. രണ്ടാം ഇന്നിങ്സ് തുടങ്ങിയ വിദര്‍ഭ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ നിലയുറപ്പിക്കുന്നു. ലീഡ് വഴങ്ങിയ കേരളം ഇന്ന് ക്ഷണത്തില്‍ വിദര്‍ഭയെ പുറത്താക്കാമെന്ന പ്രതീക്ഷയിലായിരുന്നു. തുടക്കത്തില്‍ തന്നെ 7 റണ്‍സിനിടെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനും കേരളത്തിനു സാധിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മലയാളി താരം കരുണ്‍ നായരും ഡാനിഷ് മലെവാറും കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങായി നില്‍ക്കുകയാണ്. കരുണ്‍ 42 റണ്‍സുമായി ഡാനിഷ് 38 റണ്‍സുമായും ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന, എംഡി നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായി. കേരളം 342 റണ്‍സില്‍ ഓള് ഔട്ടായി. നിര്‍ണായക 37 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ വിദര്‍ഭയ്ക്ക് മൊത്തം 127 റണ്‍സ് ലീഡ് സ്വന്തം. കൈയില്‍ ശേഷിക്കുന്നത് എട്ട് വിക്കറ്റുകള്‍.
മൂന്നാം ദിനമായ ഇന്നലെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ല. കേരളത്തെ 342 റണ്‍സില്‍ പുറത്താക്കി വിദര്‍ഭ 37 റണ്‍സിന്റെ ലീഡ് പിടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന് ബേബി സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നാലെ വിശ്വസ്ത താരം ജലജ് സക്സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂര്‍ണമായി തീര്‍ന്നു. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്.
സച്ചിന് ബേബി 98 റണ്‍സില്‍ പുറത്തായി. ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന് ബേബിയും ക്രീസില്‍ നിന്നു പൊരുതിയത് കേരളത്തിനു ബലമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്.
content highlight: Ranji trophy final