ദുബായ്: ഐസിസി ഇന്ത്യയ്ക്ക് അനാവശ്യ പരിഗണന നൽകുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ ഐപിഎൽ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുൻ നായകനും ഇതിഹാസ ബാറ്ററുമായ ഇൻസമാം ഉൾ ഹഖ്. പാകിസ്ഥാൻ ടീമിന്റെ സെലക്ടർ കൂടിയായ ഇൻസമാം മറ്റ് ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വിലക്കുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചത്. ചാംപ്യന്‍സ് ലീഗില്‍ നിന്നു ഒരു ജയവുമില്ലാതെ പാകിസ്ഥാന് പുറത്തായതിനു പിന്നാലെയാണ് ഇന്‍സമാമിന്റെ വിമര്‍ശനം.
മറ്റ് രാജ്യങ്ങളിലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎൽ കളിക്കുന്നുണ്ട്. എന്നാൽ വിദേശ ലീഗുകളിൽ ഒന്നിൽ പോലും ഇന്ത്യ താരങ്ങൾ എന്തുകൊണ്ടു കളിക്കുന്നില്ലെന്നും ഇൻസമാം ചോദിക്കുന്നു. ‘നമുക്ക് തത്കാലം ചാംപ്യൻസ് ട്രോഫിയുടെ കാര്യം മാറ്റി വയ്ക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ടല്ലോ. ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും താരം മറ്റ് ക്രിക്കറ്റ് ബോർഡുകൾ സംഘടിപ്പിക്കുന്ന ടി20 ലീഗുകളിൽ കളിക്കുന്നുണ്ടോ. അതിനാൽ മറ്റ് ബോർഡുകൾ തങ്ങളുടെ താരങ്ങളെ ഐപിഎൽ കളിക്കാൻ അനുവദിക്കരുത്. അത് അവസാനിപ്പിക്കണം. ബിസിസിഐ ഇന്ത്യൻ താരങ്ങളെ മറ്റു ലീഗുകളിൽ നിന്നു വിലക്കുന്ന നടപടി തുടർന്നാൽ മറ്റ് ക്രിക്കറ്റ് ബോർഡുകൾ അവരുടെ താരങ്ങൾക്ക് ഐപിഎല്ലിൽ നിന്നു വിലക്ക് ഏർപ്പെടുത്തണം’- ഇൻസമാം വ്യക്തമാക്കി.
നേരത്ത ഇന്ത്യക്ക് അനാവശ്യ മുൻതൂക്കം നൽകുന്നുവന്ന ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാരായ മൈക്ക് ആതർട്ടൻ, നാസർ ഹുസൈൻ എന്നിവർ രംഗത്തെത്തിയിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തുന്നതു സംബന്ധിച്ചായിരുന്നു ഇരുവരുടേയും വിവാദ പരാമർശങ്ങൾ.
content highlight: IPL BCCI