ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. ഇത്തവണയും ടോസ് ഭാഗ്യം രോഹിതിനെ കൈവിട്ടു. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. അവസാനം കളിച്ച ഗ്രൂപ്പ് പോരിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് നിരയില്‍ രണ്ട് മാറ്റമുണ്ട്. മാറ്റ് ഷോര്‍ട്ടിനു പകരം കൂപ്പര്‍ കോണോല്ലിയും മാറ്റ് ഷോര്‍ട്ടിനു പകരം തന്‍വീര്‍ സംഘയും ടീമിലെത്തി.
ഇന്ത്യ പ്ലെയിങ് ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. ഐസിസി ഏകദിന പോരാട്ടത്തിൽ ഇന്ത്യ അവസാനമായി ഓസ്ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്. അതിനു ശേഷം ഇന്നുവരെ വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ റെക്കോർഡ് മറികടക്കേണ്ട ഭാരം കൂടി രോഹിതിനും സംഘത്തിനുമുണ്ട്. ഇത്തവണ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങൾ. ദുബായ് വേദിയും സ്പിൻ കരുത്തുമാണ് ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്.
ഇന്ത്യക്ക് നിരവധി കണക്കുകൾ തീർക്കാനുണ്ട്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനൽ, 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനൽ, 2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകളിൽ ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നിൽ വീഴുകയായിരുന്നു. ഈ തോൽവികളുടെ കണക്ക് തീർത്തി ഫൈനലിലേക്ക് മുന്നേറുകയെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.