ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ആരും അറിയാതെ ഒരു കൊലപാതകത്തിന്റെ ഓര്‍മ്മകള്‍ കടന്നു പോയി. ഭരണകൂട ഭീകരതയെ ഓര്‍മ്മപ്പെടുത്താന്‍ ആരും മെനക്കെട്ടില്ല. സമയവും സന്ദര്‍ഭവും ഒത്തു വരാത്തതു കൊണ്ട് മാധ്യമങ്ങളും ആ ദിവസത്തെ മറന്നു. ഭരണകൂടങ്ങള്‍, അവര്‍ക്കു ശരി എന്നതില്‍ മാത്രം കെട്ടിയിടപ്പെട്ടതു കൊണ്ടും, മാറിയ കാലത്തിന്റെ വക്താക്കളായതു കൊണ്ടും ഇടതുപക്ഷ സര്‍ക്കാരും പാര്‍ട്ടിയും ആ ഓര്‍മ്മകളെയെല്ലാം പിന്നാമ്പുറങ്ങളിലേക്ക് തൂത്തെറിഞ്ഞിരിക്കുന്നു എന്നു വേണം കരുതാന്‍. വൈകിയെങ്കിലും ആ ഭരണകൂട ഭീകരതയെ ഓര്‍മ്മിപ്പിക്കാതെ വയ്യ. ഒരു ത്രില്ലര്‍ കഥയുടെ സിനിമാ കഥ വായിക്കുന്ന ലാഘവത്തിലെങ്കിലും ഇത് വായിച്ചു തീര്‍ക്കുമെന്ന് ഒരു ഉറപ്പുമില്ല. എങ്കിലും എഴുതിയേ മതിയാകൂ എന്ന് മനസ് പലവട്ടം പറഞ്ഞതു കൊണ്ട് എഴുതുന്നു.
ഒരു എഞ്ചിനീയറിുംഗ് വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുണ്ടായ തിരോധാനത്തില്‍ തുടങ്ങി, അന്നത്തെ ശക്തനായ ആഭ്യന്തരമന്ത്രിയുടെ അധികാരം നഷ്ടപ്പെടുന്നതിലേക്കു നയിച്ച ഒരു ഭരകൂട കൊലപാതകം. കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് നടന്ന സമാനതകളില്ലാത്ത പോലീസ് ക്രൂരതയും ഭരണകൂട കൊലപാതകവും നടന്നിട്ട് 49 വര്‍ഷം കഴിയുന്നു. ഓര്‍ക്കുന്തോറും ഉള്ളില്‍ കാക്കിയോടും, സര്‍ക്കാരിന്റെ നരവേട്ടയോടും അടങ്ങാത്ത വെറുപ്പും പകയും തോന്നുന്ന രാജന്‍ കേസിന് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് 49 വയസ്സ്. മറ്റൊന്നു കൂടിയുണ്ട്. മകനു വേണ്ടി മരണം വരെയും കാത്തിരുന്ന ഒരു അച്ഛന്റെ കഥ കൂടിയാണിത്. രാജന്റെ അച്ഛന്‍ ഈച്ചരവാര്യരുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടവും ഓര്‍മ്മിക്കപ്പെടുന്ന ദിവസം. ആ കഥ തുടങ്ങുന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനവത്തില്‍ നിന്നുമാണെങ്കില്‍ അത് അവസാനിക്കുന്നത്, പോലീസ്‌റ്റേഷനിലെ ഇരുണ്ട മുറിയിലുമാണ്.
1976 മാര്‍ച്ച് ഒന്നാം തീയതിയാണ് കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 28 നു നടന്ന കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ രാജന് പങ്കുണ്ടെന്നാരോപിച്ചാണ് പോലീസ് രാജനെ കസ്റ്റഡിയിലെടുത്തത്. നക്സലൈറ്റുകള്‍ കായണ്ണ സ്റ്റേഷന്‍ ആക്രമിച്ച് പോലീസിന്റെ ആയുധങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ ‘രാജാ ഓടിക്കോ’ എന്ന് പറഞ്ഞത് കേട്ടാണ് രാജനെ അന്വേഷിച്ച് പോലീസ് വന്നത്. അന്ന് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പിലെത്തിച്ചവരില്‍ രാജനെന്നു പേരുള്ള ഒന്നിലധികം ആളുകളുണ്ടായിരുന്നു എന്ന് രാജനൊപ്പം കസ്റ്റഡിയില്‍ കഴിഞ്ഞവര്‍ പറയുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ധനതത്വശാസ്ത്രത്തില്‍ ഗവേഷണം ചെയ്തിരുന്ന എബ്രഹാം ബെന്‍ഹറും കെ വേണുവുമുള്‍പ്പെടെയുള്ളവര്‍ രാജനൊപ്പം കക്കയം ക്യാമ്പില്‍ കസ്റ്റഡിയിലുണ്ടായിരുന്നു.
ഇരുന്നൂറോളം ആളുകളെ കസ്റ്റഡിയിലെടുത്തതായാണ് പറയപ്പെടുന്നത്. അതില്‍ ഭൂരിഭാഗംപേരും കായണ്ണ, കൂരാച്ചുണ്ട്, കക്കയം ചാത്തമംഗലം പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കേസിന്റെ അന്വേഷണ ചുമതല ഡിഐജി ജയറാം പടിക്കലിനായിരുന്നു. കക്കയം ക്യാമ്പിന്റെ ചുമതലയും പടിക്കലിന് തന്നെ. മാര്‍ച്ച് ഒന്നിന് കസ്റ്റഡിയിലെടുത്ത രാജനെ ചോദ്യം ചെയ്തത് പുലിക്കോടന്‍ നാരായണന്‍ എന്ന ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. രാജനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന വ്യക്തിയാണ് വാഹനവ്യാപാര സ്ഥാപനമായ പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോള്‍ ചാലിയുടെ മകന്‍ ജോസഫ് ചാലി. ക്യാംപസില്‍ നിന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നറിഞ്ഞ് കോളേജ് പ്രിന്‍സിപ്പല്‍ കെ എം ബഹാവുദ്ദീനും അധ്യാപകനായ കെ കെ അബ്ദുല്‍ ഗഫൂറും കക്കയം ക്യാമ്പിലെത്തിയിരുന്നു. എന്നാല്‍ അവിടെ ജോസഫ് ചാലിയെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ എന്നും രാജന്‍ അവിടെയുണ്ടായിരുന്നില്ല എന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജന്‍ അവിടെ നിന്നും ഓടി പോയതാണെന്നാണ് ഡിഐജി ജയറാം പടിക്കല്‍ അധ്യാപകരോട് പറഞ്ഞത്.
രാജ്യത്തെമ്പാടും ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് രാജ് നടപ്പാക്കുകയും, വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുകയും ചെയ്യപ്പെട്ട കാലത്ത്, സര്‍ക്കാരിനെതിരെ രംഗത്തെത്തിയ നക്സലൈറ്റുകളെ പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് കക്കയത്തും ശാസ്തമംഗലത്തും പോലീസ് ക്യാമ്പുകള്‍ ആരംഭിച്ചത്. കക്കയം ക്യാമ്പില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസിനെ ആയിരുന്നു വിന്യസിച്ചിരുന്നത്.
കക്കയം ക്യാമ്പില്‍ എത്തിച്ചവരെ ചോദ്യം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്റെയും സംഘത്തിന്റെയും ക്രൂരമര്‍ദനവും ഉരുട്ടലും കാരണമാണ് രാജന്‍ കൊല്ലപ്പെട്ടതെന്നാണ് അന്ന് കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവര്‍ പുറത്ത് വിട്ട വിവരങ്ങള്‍. പുലിക്കോടന്‍ നാരായണനൊപ്പം, വേലായുധന്‍, ജയരാജന്‍, ലോറന്‍സ് എന്നീ പോലീസുകാരും ചേര്‍ന്നാണ് രാജനെ കൊലപ്പെടുത്തിയത് എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. ബീരാന്‍ എന്ന പോലീസുകാരന്‍ രാജന്റെ ശബ്ദം പുറത്തു വരാതിരിക്കാന്‍ തുണിയുപയോഗിച്ച് വായ അടച്ചുപിടിച്ചിരിക്കുകയായിരുന്നെന്നും, കുറച്ച് സമയം കഴിഞ്ഞ് പ്രതികരിക്കാതായ രാജന്‍ മരിച്ചെന്നു മനസിലാക്കി അവര്‍ ഉരുട്ടുന്നത് നിര്‍ത്തി എന്നും സഹതടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മരിച്ചതായി മനസിലാക്കിയതോടെ രാജന്റെ മൃതദേഹം പോലീസ് ജീപ്പില്‍ മറ്റെങ്ങോട്ടോ കൊണ്ടുപോയി എന്നും കസ്റ്റഡിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറയുന്നു. പിന്നീട് രാജന്റെ മൃതദേഹം പോലും പുറംലോകം കണ്ടിട്ടില്ല. രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാന്‍ വയറുകീറി കുറ്റ്യാടി പുഴിയിലേക്കിട്ടു എന്നും, അതല്ല പഞ്ചസാരയിട്ട് പൂര്‍ണ്ണമായി കത്തിച്ചു കളഞ്ഞെന്നും, അതുമല്ല മൃതദേഹം കക്കയംഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിനരികില്‍ കുഴിച്ചിട്ടെന്നും, ശേഷം പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിച്ച് അവശിഷ്ടം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വാദങ്ങളുമുണ്ട്.
എന്നാല്‍ അടിയന്താരാവസ്ഥ കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബെന്നി എന്ന വ്യക്തി നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ കൂടിയുണ്ട്. രാജന്റെ മൃതദേഹം മുളകരയ്ക്കുംപോലെ അരച്ച് പന്നികള്‍ക്ക് തീറ്റയായി നല്‍കിയെന്നായിരുന്നു ആ പോലീസ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. മരണ ശേഷം ഐസ് ചേംബറില്‍ സൂക്ഷിച്ച മൃതദേഹം ഇത്തരത്തില്‍ പന്നികള്‍ക്ക് തീറ്റയായി കൊടുത്തത് തെളിവുകളൊന്നും ലഭിക്കരുത് എന്ന ഉദ്ദേശത്തിലാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐ ആയിരുന്ന ഞാറയ്ക്കല്‍ ഐസക്കിന്റെ നിര്‍ദേശപ്രകാരം മുത്തുവേലി പാലത്തിനു സമീപം വച്ച് അര്‍ധരാത്രി മറ്റു പോലീസുകാര്‍ക്കൊപ്പം രാജന്റെ മൃതദേഹം പോലീസ് ജീപ്പില്‍ കയറ്റിയാണ് മാംസ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചതെന്നും ഈ പോലീസ് ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.
എറണാകുളത്ത് താമസിച്ചിരുന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യരാണ് കേസിലൂടെ സന്ധിയില്ലാത്ത സമരം നടത്തിയത്. തന്റെ മകന്റെ ഘാതകരെ കണ്ടെത്താതെ ഒരടി പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച് സര്‍ക്കാരിനും അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണാകരനുമെതിരെ ശക്തമായി അദ്ദേഹമ രംഗത്തെത്തി. തന്റെ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞ് ഈച്ചരവാര്യര്‍ കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും യാതൊരു വിധത്തിലുമുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നാണ് ഈച്ചരവാര്യര്‍ പറയുന്നത്. ‘എനിക്ക് ഉടുപ്പിട്ട് പോയി പിടിക്കാന്‍ കഴിയില്ലല്ലോ?’ എന്നാണ് അച്യുതമേനോന്‍ തിരിച്ചു ചോദിച്ചതെന്ന് ഈച്ചരവാര്യര്‍ തന്റെ ആത്മകഥയില്‍ പറയുന്നത്.
മരിക്കുന്നതിന് തൊട്ടു മുമ്പ് തന്റെ മകന്‍ എപ്പോള്‍ വരും എന്നാണ് ഭാര്യ രാധ ചോദിച്ചതെന്ന് ഈച്ചരവാര്യര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 1977 മാര്‍ച്ച് 25നാണ് ഈച്ചരവാര്യര്‍ തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുന്നത്. കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്ന ജി ലക്ഷ്മണ, ഡിഐജി ജയറാം പടിക്കല്‍, ആഭ്യന്തര മന്ത്രി കെ കരുണാകരന്‍, എസ്‌ഐ പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരൊക്കെ കേസിന്റെ ഭാഗമായിരുന്നു. അന്നത്തെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായിരുന്ന കെ എം ബഹാവുദ്ദീന്റെ ഇടപെടല്‍ രാജന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കക്കയത്ത് പോലീസ് ക്യാമ്പ് പ്രവര്‍ത്തിച്ചിട്ടില്ല എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നത്.
രാജന്‍ മരിച്ചിട്ടില്ല എന്നാണ് ആദ്യം കെ കരുണാകരന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ പിന്നീട് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ വാദം പിന്‍വലിക്കേണ്ടി വരികയും, രാജന്‍ മരിച്ചെന്ന് അംഗീകരിക്കുകയും ചെയ്യേണ്ടി വന്നു. രാജന്റെ മൃതദേഹം കണ്ടെടുക്കാന്‍ സാധിക്കാഞ്ഞതുകൊണ്ടു തന്നെ പ്രതികളുടെ മര്‍ദ്ദനമേറ്റാണ് രാജന്‍ കൊല്ലപ്പെട്ടതെന്ന് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നിലപാട് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യത്തില്‍ കെ കരുണാകരന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ വിശ്വസിക്കുകയാണ് താന്‍ ചെയ്തത് എന്നായിരുന്നു കരുണാകരന്‍ നിരന്തരം പറഞ്ഞത്. എന്നാല്‍ എല്ലാം മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിനനുസരിച്ച് ചെയ്തതാണെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. ജയറാം പടിക്കല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കരുണാകരനെ വിളിക്കുന്നതിന് വേണ്ടി ട്രങ്ക് കോള്‍ ബുക്ക് ചെയ്തതിനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.
കൃത്യമായ അന്വേഷണം നടക്കാതെ പോയതിനാലാണ് രാജന്റെ മരണം തെളിയാതെ പോയതെന്ന് വര്‍ഗീസ് വധക്കേസില്‍ തടവിലായിരുന്ന അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് എസ്പി ആയിരുന്ന ലക്ഷ്മണ പിന്നീട് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ ഇത് അറിഞ്ഞിരുന്നില്ല എന്നും ലക്ഷ്മണ പറഞ്ഞിരുന്നു. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ 2006-ല്‍ മരണപ്പെട്ടു. ഈച്ചരവാര്യരുടെ ഭാര്യ, രാജന്റെ അമ്മ രാധ 2000-ല്‍ തന്നെ മരണപ്പെടുകയും ചെയ്തു. മരിക്കുന്നതിന് തൊട്ടു മുമ്പും തന്റെ മകന്‍ എപ്പോള്‍ വരും എന്നാണ് ഭാര്യ രാധ ചോദിച്ചതെന്ന് ഈച്ചരവാര്യര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
തോമസ് ജോര്‍ജാണ് രാജന്‍ കേസില്‍ സാക്ഷിയായ ഏക വിദ്യാര്‍ഥി. 1977 ഏപ്രില്‍ 2നാണ് ഈച്ചരവാര്യര്‍ തോമസ് ജോര്‍ജിനെ കാണാന്‍ ക്യാംപസിലെത്തുന്നത്. പരീക്ഷയടുത്തിരിക്കുന്ന സമയത്താണ് ഹോസ്റ്റല്‍ പരിസരത്തേക്ക് ഈച്ചരവാര്യര്‍ എത്തുന്നത്. തോമസ് ജോര്‍ജാണ് തനിക്കെതിരെ നടന്നു വരുന്നതെന്നുറപ്പിച്ച ശേഷം ഈച്ചരവാര്യര്‍ ആദ്യം ചോദിക്കുന്നത് ‘ഞാന്‍ ഈച്ചരവാര്യര്‍, പോലീസ് അറസ്റ്റ് ചെയ്ത രാജന്റെ അച്ഛനാണ്.. രാജനെ കൊണ്ടുപോകുന്നത് തോമസ് കണ്ടിരുന്നോ?’ എന്നാണ്. ‘അതെ’ എന്ന് പറഞ്ഞ തോമസ് ജോര്‍ജിനോട് അതൊന്ന് കോടതിയില്‍ പറയാമോ എന്ന് ചോദിക്കുകയായിരുന്നു ഈച്ചരവാര്യര്‍. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ സമയത്ത് തനിക്ക് കോടതി കയറിയിറങ്ങാന്‍ സാധിക്കില്ല എന്ന് പറഞ്ഞതോടെ ഈച്ചരവാര്യര്‍ അവിടെ നിന്ന് പൊട്ടിക്കരയാന്‍ തുടങ്ങി എന്നും അത് തനിക്ക് സഹിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സാക്ഷി പറയാന്‍ തയാറാണെന്ന് പറഞ്ഞതെന്നും തോമസ് ജോര്‍ജ് പിന്നീട് പറഞ്ഞിരുന്നു.
തന്റെ സീനിയര്‍ ബാച്ചില്‍ പഠിച്ചിരുന്ന വ്യക്തി എന്നതിനപ്പുറം രാജനെ അറിയാതിരുന്ന തോമസ് ജോര്‍ജ് ഈച്ചരവാര്യരുടെ സങ്കടം കണ്ടു മാത്രമാണ് സാക്ഷി പറയാന്‍ സമ്മതിക്കുന്നത്. ഈച്ചരവാര്യര്‍ സമീപിച്ച മറ്റു വിദ്യാര്‍ഥികള്‍ അതിനു തയാറായിരുന്നില്ല എന്നുകൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. നേരിട്ട് സര്‍ക്കാരിനും ആഭ്യന്തരമന്ത്രിക്കുമെതിരെയുള്ള കേസിലാണ് താന്‍ ഭാഗമാകുന്നതെന്നും തന്റെ പരീക്ഷ ഇതോടെ തീരുമാനമാകുമെന്ന് അപ്പോള്‍ തന്നെ അദ്ദേഹത്തിന് മനസ്സിലായിരുന്നു എന്നും തോമസ് ജോര്‍ജ് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ താന്‍ കണ്ട കാര്യം കോടതിക്ക് മുന്നില്‍ പറയാമെന്ന് തോമസ് ജോര്‍ജ് തീരുമാനിച്ചതുകൊണ്ടാണ് രാജന്‍ കേസില്‍ യാഥാര്‍ഥ്യം പുറത്തുവന്നത്.
CONTENT HIGH LIGHTS; Victim of state terror: Rajan’s murder path turns 49; A father’s tears, turned into blood, should be engraved on the chest; That story that should not be forgotten?