ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ‘ഇതോടെ പുതിയ ഭവനത്തിലെ ഉപരിതല ദൗത്യത്തിന് തുടക്കം കുറിക്കുന്നു’- എന്ന തലക്കെട്ടോടെ ആകര്‍ഷകമായ ചിത്രം ഫയര്‍ഫ്ലൈ എയ്റോസ്പേസ് എക്സില്‍ പങ്കുവെച്ചു. ഗോസ്റ്റ് റൈഡറിലെ നാസ പേലോഡുകള്‍ ഇതിനകം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രനില്‍ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോസ്പേസാണ് ബ്ലൂ ഗോസ്റ്റിന്റെ നിര്‍മാതാക്കള്‍.
ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ എക്സ്റേ ചിത്രം പകര്‍ത്തുകയും ലക്ഷ്യമിട്ടാണ് പ്രധാനമായും ബ്ലൂ ഗോസ്റ്റ് ലാൻഡർ വിക്ഷേപിച്ചിരിക്കുന്നത്. മേർ ക്രിസിയം ഗർത്തത്തില്‍ ഇറങ്ങിയ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡറിന്റെ നിഴല്‍ ചിത്രവും ഫയര്‍ഫ്ലൈ എയറോസ്പേസ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ചാന്ദ്രേപരിതലത്തിലെ ദൗത്യങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഫയര്‍ഫ്ലൈ എയ്റോസ്പേസ് കുറിച്ചു. 2025 ജനുവരി 15ന് നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് അയച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്.
റെസിലീയന്‍സ് എന്നാണ് രണ്ടാമത്തെ പേടകത്തിന്റെ പേര്. ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ചാന്ദ്ര പേടകങ്ങളുടെ വിക്ഷേപണം. 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഭൂമിയുടെ മനോഹരമായ സെല്‍ഫികള്‍ ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയിരുന്നു. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ്.ബ്ലൂ ഗോസ്റ്റ് മേർ ക്രിസിയത്തിലാണ് ഇറങ്ങിയതെങ്കില്‍, റെസിലീയന്‍സ് ചന്ദ്രന്റെ വടക്കേ അർദ്ധഗോളത്തിലുള്ള Mare Frigorisലാണ് ലാന്‍ഡ് ചെയ്യുക. റെസിലീയന്‍സില്‍ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരിക്കുന്നു. നാസയുടെ പത്ത് പേലോഡുകളും ദൗത്യത്തിന്റെ ഭാഗമാണ്.
STORY HIGHLIGHTS: blue-ghost-captured-its-first-sunrise-on-the-moon-and-lander-shadow-see-viral-pictures