വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളാന്‍ 2024 ഓഗസ്റ്റ് 12ന് ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി 9 വായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തു. തുടര്‍ന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനമാക്കി ബാക്കി വായ്പകളും എഴുതിത്തള്ളാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു.
നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വായ്പ എഴുതിത്തള്ളിയവരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. വിവിധ വിഭാഗങ്ങള്‍ വായ്പയുടെ എണ്ണം വായ്പ തുക (ലക്ഷത്തില്‍) എന്നീ ക്രമത്തില്‍
- മരണപ്പെട്ടവര്‍ – 10പേര്, 6.63 ലക്ഷം
- വീട് നഷ്ടപ്പെട്ടവര്‍ – 69 പേര്, 139.54ലക്ഷം
- സ്ഥലം നഷ്ടപ്പെട്ടവര്‍ – 18 പേര്, 40.53 ലക്ഷം
- സ്ഥാപനം നഷ്ടപ്പെട്ടവര്‍ – 15 പേര്, 50.05 ലക്ഷം
- തൊഴില്‍ നഷ്ടപ്പെട്ടവര്‍ – 40 പേര്, 65.53ലക്ഷം
- കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ – 16 പേര്, 37.51ലക്ഷം
- വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവര്‍ – 11 പേര്, 28.38ലക്ഷം
- കൃഷി നഷ്ടപ്പെട്ടവര്‍ – 3 പേര്, 9.96ലക്ഷം
- മറ്റുള്ളവ- 25 പേര് 7.75ലക്ഷം
ആകെ 207 385.87
മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങള്‍ക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കണ്‍സ്യൂമര്‍/പേഴ്സണല്‍ വായ്പ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷന് തിരഞ്ഞെടുത്ത് നല്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഈ വായ്പ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാര്‍ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരായ കേരള ബാങ്കിന്റെ വായ്പക്കാരുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള തീരുമാനമെടുത്ത ആദ്യ ബാങ്കാണ് കേരള ബാങ്ക്.
CONTENT HIGH LIGHTS; Wayanad Mundakai tragedy: Kerala Bank to write off Rs 385.87 lakh in 207 loans