യാത്ര ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ, അമിതമായ പണച്ചെലവ് കാരണമാണ് പലരും ആ ആഗ്രഹം മാറ്റിവയ്ക്കുന്നത്. കയ്യിലൊതുങ്ങുന്ന പണത്തിന് കേരളത്തിനുള്ളിൽ തന്നെ ആസ്വദിക്കാൻ കഴിയുന്ന ഏറെ മനോഹരമായ സ്ഥലങ്ങളുണ്ട്. അവയെപ്പറ്റി അറിഞ്ഞാൽ ചെറിയ യാത്രകൾ പോലും നിങ്ങൾ ആസ്വദിച്ച് തുടങ്ങും. അത്തരത്തിൽ അതിമനോഹരമായ ഒരു സ്ഥലത്തെക്കുറിച്ചറിയാം. പാവപ്പെട്ടവരുടെ ഈട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയാണ് ഇത്.
പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിയാമ്പതി മലനിരകൾ. കടൽ നിരപ്പിൽ നിന്ന് 467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരത്തിലാണ് ഈ മലനിരകൾ. അതിനാൽതന്നെ കൊടുംവേനലിൽ പോലും ഇവിടം കുളിർമ നൽകും. നെന്മാറയിൽ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെയാണ് നെല്ലിയാമ്പതിയിൽ എത്തേണ്ടത്. ഏകദേശം പത്തോളം ഹെയർപിൻ വളവുകളുണ്ട്.നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലായാമ്പതി എന്നതിനർത്ഥം.
ഇവിടേക്കുള്ള യാത്രയ്ക്കിടെ പോത്തുണ്ടിയിലെ അണക്കെട്ടിൽ ബോട്ടിംഗിനായും പോകാം. ഹെയർപിൻ വളവുകൾ കയറുമ്പോൾ വളരെ മനോഹരമായ കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. മുകളിലേക്കുള്ള വഴിയിൽ ധാരാളം തേയിലത്തോട്ടങ്ങളും കാണാം. ഓറഞ്ച് തോട്ടങ്ങളും ഇവിടെയുണ്ട്. ധാരാളം ഹോട്ടലുകളും റിസോർട്ടുകളും ഉള്ളതിനാൽ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാകില്ല. വൈവിദ്ധ്യമാർന്ന പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. അതിനാൽ ധാരാളം പക്ഷി നിരീക്ഷകരും ഇവിടേക്ക് എത്താറുണ്ട്.
STORY HIGHLIGHTS: nelliyampathy-kerala-hillstation