പങ്കാളിയോട് സ്നേഹമുണ്ടെങ്കിലും ഒന്നു സ്വസ്ഥമായി ഉറങ്ങണമെങ്കിൽ തനിച്ചു കിടക്കണമെന്നാണ് ഇന്ത്യയിലെ 70 ശതമാനത്തോളം ദമ്പതികളുടെയും അഭിപ്രായം. ‘സ്ലീപ് ഡിവോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തല്‍ ട്രെന്‍ഡ് മോഡേണ്‍ ജീവിതശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റെസ്മെഡ്സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയിൽ പങ്കാളികളിൽ നിന്ന് വേർപെട്ട് തനിച്ചു ഉറങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ 78 ശതമാനത്തോളം ആളുകളാണെന്ന് കണ്ടെത്തി.
67 ശതമാനവുമായി ചൈനയും 65 ശതമാനവുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നില്‍. ആഗോള തലത്തിൽ 30,000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. സ്ലീപ് ഡിവോഴ്സ് പ്രവണത വ്യക്തികളുടെ ഉറക്കവും മെച്ചപ്പെടുത്താനും പേഴ്സണല്‍ സ്പേയിസ് നല്‍കാനും സഹായിക്കുമെന്ന് തിരുവനന്തപുരം മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
ഷിഫ്റ്റ് സംവിധാനത്തിൽ അല്ലെങ്കിൽ ഐടി പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കിടയിലാണ് ഈ പ്രവണത വർധിച്ചു വരുന്നത്. ഭാര്യയും ഭര്‍ത്താവും ഇത്തരം മേഖലകളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇരുവരുടെയും ഉറക്കം ഒരേ സമയത്ത് ആകണമെന്നത് വാശിപിടിക്കുന്നത് വ്യക്തികളുടെ ഉറക്കത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടാന്‍ കാരണമാകും. ഇത് അവര്‍ക്കിടയിലെ ബന്ധത്തില്‍ ഒരുപക്ഷേ വിള്ളല്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.
വിവാഹ ജീവിതത്തിൽ പങ്കാളികൾ ഒരുമിച്ച് ഉറങ്ങുക എന്നത് അവർ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒന്നാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഒരുമിച്ചു കിടക്കുകയും ബാക്കി ദിവസങ്ങളില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു കിടക്കുകയും ചെയ്യുന്ന രീതിയുണ്ട്. അത് ആരോഗ്യകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പങ്കാളിയുടെ കൂര്‍ക്കംവലി കാരണം മാറിക്കിടക്കുന്നത് 32 ശതമാനം ആളുകളാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ 12 ശതമാനം ആളുകൾ മറ്റു അസ്വസ്ഥതകൾ കൊണ്ട് മാറി കിടക്കുന്നു. 10 ശതമാനം ആളുകൾ ഉറക്ക ഷെഡ്യൂൾ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടർന്ന് മാറിക്കിടക്കുന്നു. എട്ട് ശതാമാനം ആളുകൾ മൊബൈൽ ഫോൺ അടക്കമുള്ള സ്ക്രീൻ ഉപയോഗം മൂലം മാറിക്കിടക്കുന്നുവെന്നും സർവേയിൽ പറയുന്നു.
content highlight: Sleep Divorce