മുന്‍ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ സസ്പെന്ഷന് പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ച് മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്.പി. സുജിത് ദാസ് വിശുദ്ധന്, എം.ആര്.അജിത് കുമാര്‍ പരിശുദ്ധന്, തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ല, കേരളത്തില്‍ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല എന്നാണ് അന്‍വര്‍ പരിഹസിക്കുന്നത്.
അന്‍വറിനെതിരേ സി.പി.എം. ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. എന്ത് പറഞ്ഞാലും സി.പി.എമ്മിനുള്ള മറുപടി പി.വി. അന്‍വര്‍ സ്വര്‍ണ്ണ കടത്തുകാരനാണ് എന്നാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്. പി.വി.അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാരനാണ്. എന്നാല്‍, എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല. സഖാക്കളെ മുന്നോട്ട്, ഇത് കേരളമാണ്, ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ടെന്നും അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എസ് പി സുജിത്ത് ദാസ് വിശുദ്ധൻ!
എം ആർ അജിത് കുമാർ പരിശുദ്ധൻ!
തൃശ്ശൂർ പൂരം കലക്കിയിട്ടില്ല!
തൃശ്ശൂരിൽ ബിജെപി വിജയിച്ചിട്ടും ഇല്ല!
കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല!
കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല….
………..
എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!!
“പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്.”
“എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!!!!”
സഖാക്കളെ മുന്നോട്ട്…….
ഇത് കേരളമാണ്.
ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട്.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു സുജിത് ദാസിന് എതിരായ നടപടി. എം ആർ അജിത്കുമാറിനും സുജിത് ദാസിനും സംസ്ഥാനത്തെ സ്വർണക്കടത്തിൽ പങ്കുണ്ടെന്നതായിരുന്നു പ്രധാന ആരോപണം.
ആറുമാസം പിന്നിട്ടതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിന് എതിരായ വകുപ്പ് തല അന്വേഷണം പൂർത്തിയായിട്ടില്ല.