നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആയിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്വയർ എന്‍ജിനീയര്‍ ആണ് അശ്വിൻ. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെയാണ് ദിയ ആരാധകരോട് പങ്കുവെച്ചത്. നിലവിൽ ഇവർ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ വിശേഷങ്ങളെല്ലാം വ്ലോഗിലൂടെ ദിയ അറിയിക്കാറുണ്ട്. ദിയയുടെ കുഞ്ഞിനിടാനുള്ള പേരിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അമ്മ സിന്ധു.
ഇൻസ്റ്റാഗ്രാമിലെ ക്യു ആന്റ് എ സെക്ഷനിൽ ആയിരുന്നു സിന്ധു കൃഷ്ണയുടെ പ്രതികരണം. ‘ഓസിയുടെ ബേബിക്ക് പേര് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. കുറേ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരും കണ്ടുപിടിച്ചിട്ട് ഷോർട്ട് ലിസ്റ്റ് ചെയ്യും. പൊതുവിൽ അങ്ങനെയാണല്ലോ. ഞാൻ പേര് കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. നല്ല നല്ല പേരുകൾ നമുക്ക് അറിയാവുന്ന പലർക്കും ഉണ്ട്. മുൻപൊക്കെ കോമൺ അല്ലാത്ത പേരുകൾ നോക്കി പേരിടുമായിരുന്നു. ഇപ്പോൾ എത്ര വെറൈറ്റി പേരായാലും മിക്കവർക്കും ഉണ്ട്’, എന്നാണ് സിന്ധു പറയുന്നത്.
ദിയയ്ക്ക് എത്ര മാസം ആയെന്നുള്ള ചോദ്യത്തിനും സിന്ധു മറുപടി നൽകുന്നുണ്ട്. ‘ഓസിക്ക് ഇപ്പോൾ നാലാം മാസം കഴിഞ്ഞു. അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. ജൂലൈ പകുതിയോട് കൂടിയാണ് ഡേറ്റ് വരുന്നത്’, എന്നാണ് സിന്ധു പറഞ്ഞത്. കുഞ്ഞിനിടുന്ന പേര് അമ്മ പറയുന്നത് ആയിരിക്കുമെന്ന് നേരത്തെ ദിയ പറഞ്ഞിരുന്നു.
‘അമ്മക്കാണ് പേരിടേണ്ട ചുമതല. ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും മനോഹരമായ സംസ്കൃത പേരുകൾ ഇട്ടത് അമ്മയാണ്. ആൺകുഞ്ഞിനും പെൺകുഞ്ഞിനും അമ്മ പേരുകൾ കണ്ടുപിടിക്കും. ആരാണോ സർപ്രൈസ് നൽകി പുറത്തേക്ക് വരുന്നത്. ആ കുഞ്ഞിന് അമ്മ പേരിടും. പേരിടുന്ന കാര്യത്തിൽ അമ്മ മിടുക്കിയാണ്’, എന്നാണ് ദിയ അന്ന് പറഞ്ഞത്. എന്തായാലും പുതിയ കുഞ്ഞതിഥിയുടെ പേരിനായി കാത്തിരിക്കുകയാണ് ദിയയുടെ ഫോളോവേഴ്സും.
content highlight: sindhu-krishna-talk-about-her-daughter-diya-krishna