1964 നവംബര്‍ 7ന് രൂപീകരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്)യിലെ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനെ പാര്‍ട്ടിയുമായുണ്ടായിരുന്ന പൊക്കിള്‍ക്കൊടി ബന്ധവും അറുത്തുമാറ്റിക്കൊണ്ട് രണ്ടായിരിക്കുന്നു. ഇനി വി.എസ് അച്യുതാനന്ദന്‍ എന്നത്, പാര്‍ട്ടിലെ ഒരു ഘടകത്തിലും ഇല്ലാത്ത ഒരു പ്രവര്‍ത്തകന്‍ എന്ന പേരു മാത്രമുള്ളയാള്‍. ആരെങ്കിലും ഓര്‍ത്താല്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ അതുപോലുമുണ്ടാകില്ല. മരിക്കുമ്പോള്‍ ചുവന്ന പാര്‍ട്ടി പതാകയും ചൂടി മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ അനശ്വരതയിലേക്കു പോകാം.
അത്രമാത്രം. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലും പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള ആദരവും തടങ്ങുകളും നടക്കും. അതിനപ്പുറത്തെ പ്രസക്തിയൊന്നും വി.എസിനു നല്‍കില്ലെന്നുറപ്പായി. വി.എസ്. എന്ന സി.പി.എമ്മിന്റെ അവിഭാജ്യ ഘടകത്തെ നിശബ്ദം പുറത്തുകളയാന്‍ ഒരുക്കിയ വഴികളാണ് മറ്റു നേതാക്കളെ ഒഴിവാക്കിയതും വെട്ടിയതുമൊക്കെ. കൊല്ലം ചുവന്നു, ചെങ്കടലായി കൊല്ലം എന്നൊക്കെയുള്ള ക്ലീഷേ വാക്കുകള്‍ കൊണ്ട് സി.പി.എം സമ്മേളനത്തെ പുകഴ്ത്തിയപ്പോഴൊക്കെ മൂടിവെയ്ക്കപ്പെടാന്‍ ഉണ്ടായിരുന്നത് വി.എസിനു നല്‍കിയ പണിഷ്‌മെന്റാണ്.
അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിനു കിട്ടയത് ക്യാപിറ്റല്‍ പണിഷ്‌മെന്റ് തന്നെയാണ്. ഇത് ചെയ്ത നേതാക്കളോടും, പാര്‍ട്ടിയോടും പറയാനുള്ളത് മറ്റൊന്നല്ല. ഇന്നു ഞാന്‍ നാളെ നീ എന്നാണ്. വി.എസിന് അര്‍ഹിക്കുന്ന ആദരവും, പരിഗണനയുമെല്ലാം നല്‍കി, സ്ഥാപകാചാര്യനായി നിലനിര്‍ത്തി വേണമായിരുന്നു സമ്മേളനം അവസാനിപ്പിക്കേണ്ടിയിരുന്നത്. കാരണം, ഈ പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഇനി മറ്റൊരാളില്ല. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയുടെ ഏത് ഘടകത്തിലും ഇരുത്താനുള്ള സാമാന്യ ധാര്‍മ്മികത ഉണ്ടാകേണ്ടതാണ്.
പാര്‍ട്ടി ഉണ്ടാക്കിയവന് സ്ഥാനമില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥാനമൊക്കെ എന്താണ് എന്നതാണ് സംശയം. വി.എസ്. അച്യുതാനന്ദനെ പിണറായി പക്ഷം വെട്ടി നിരത്തി എന്നതിനും പ്രസക്തിയുണ്ട്. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസിനെ ഒഴിവാക്കിയതു സമ്മേളനത്തിലും ചര്‍ച്ചയായി. മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എന്നും വി.എസിനൊപ്പം നിന്ന നേതാവാണ് മേഴ്സിക്കുട്ടിയമ്മ.
വി.എസ് അച്യുതാനന്ദനൊപ്പം നിന്നിരുന്ന പലരേയും യോഗ്യതയുണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല എന്ന ആക്ഷപവും ഉയര്‍ന്നിരുന്നു. പുതിയ പാനല്‍ അംഗീകരിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മേഴ്സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതോടെ സി.പി.എമ്മിലെ ‘വി.എസ് യുഗ’ത്തിനു പാര്‍ട്ടി തന്നെ ഔദ്യോഗികമായി വിരാമമിടുകയാണ്. ആരോഗ്യാവസ്ഥ മോശമാണെങ്കിലും ആദരവ് എന്ന നിലയില്‍ വി.എസിനെ ക്ഷണിതാവാക്കണമെന്ന നിലപാട് സി.പി.എമ്മിലെ ബഹുഭൂരിപക്ഷത്തിനുമുണ്ടെങ്കിലും, അത് അഭിപ്രായമായിപ്പോലും പറയാന്‍ ഭയമാണ്.
ഉള്‍പാര്‍ട്ടീ ജനാധപത്യത്തിലെ ചുവന്ന കണ്ണുകള്‍ നിരന്തരം ഭയപ്പെടുത്തുന്നുണ്ടെന്ന് സാരം.1995ല്‍ കൊല്ലത്ത് ഒടുവില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എമ്മില്‍ വിഎസ് പിടിമുറുക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്റെ രാഷ്ട്രീയ ശിഷ്യനായ പിണറായി വിജയനെ വി.എസിന് അനായാസം പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ കഴിഞ്ഞതും. പാര്‍ട്ടി സെക്രട്ടറിയായതോടെ വി.എസുമായി പിണറായി തെറ്റുകയായിരുന്നു. പിന്നിട് വി.എസും പിണറായിയും രണ്ട് വ്യത്യസ്ത ചേരികളുടെ നേതാക്കളായി പാര്‍ട്ടിയെ നയിച്ചു.
സംഘടനാ കരുത്തില്‍ വി.എസിനെ ഒതുക്കി പിണറായി പാര്‍ട്ടിയുടെ ക്യാപ്ടനുമായി. രണ്ടാ തവണ മുഖ്യമന്ത്രിയായതോടെ പിണറായിയുടെ കരുത്ത് കൂടി. ഇന്ന് പാര്‍ട്ടിയില്‍ വി.എസ് പക്ഷമില്ല. മുപ്പത് കൊല്ലം മുമ്പ് ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം സംഘടിപ്പിച്ചു കരുത്തു തെളിയിച്ച വിഭാഗത്തിനു നേതൃത്വം നല്‍കിയ വി.എസിനെ 3 പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും അതേ കൊല്ലത്തു നടന്ന സമ്മേളനത്തിലൂടെ പാനലില്‍ നിന്ന് ഒഴിവാക്കിയാണ് മറുപടി നല്‍കിയിരിക്കുന്നത്. അങ്ങനെ വി.എസ് പൂര്‍ണ്ണമായും പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്നും ഗില്ലറ്റിന്‍ ചെയ്യപ്പെട്ടു.
എന്നാല്‍, ഇത് വലിയ വിവാദമാകാതിരിക്കാന്‍ പ്രത്യേക ക്ഷണിതാക്കളെ മധുരയില്‍ അടുത്ത മാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം തീരുമാനിക്കുമെന്നു പ്രഖ്യാപിച്ചാണ് സി.പി.എം തടിതപ്പുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്നവരുടെ കൂട്ടത്തില്‍ വി.എസ് ഉണ്ടാകാന്‍ യാതൊരു വഴിയുമില്ല. ആരോഗ്യകാരണങ്ങളാല്‍ വി.എസിനെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. ഇത്തവണയും അത് തുടരുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയ്ക്കുള്ള ആദരവ് എന്ന രീതിയില്‍ അങ്ങനെ വേണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു.
പക്ഷേ മറ്റൊരു തീരുമാനമാണ് നേതൃത്വം എടുത്തത്. വിമര്‍ശനം ശക്തമാകുന്നതോടെ വീണ്ടും പ്രത്യേക ക്ഷണിതാവാക്കാനുള്ള സാധ്യതയും ഏറെയാണ്. വി.എസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വി.എസ് പാര്‍ട്ടിയുടെ സ്വത്ത് അല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്. ഏറെക്കാലമായി വി.എസ് പാര്‍ട്ടി നേതൃയോഗങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നില്ലെന്നതാണ് ഇതിന് കാരണം.
പണ്ട് വി.എസിനെതിരേ പ്രസംഗിച്ചതു പോലെ ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പാലു കൊടത്ത കൈയ്യില്‍ തന്നെ കൊത്തി എന്നതു പോലെ, താന്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ നിന്നുതന്നെ തിരിച്ചടി കിട്ടിയിരിക്കുന്നു. ആര്‍ക്കും പരിഭവവുമില്ല, പരാതിയുമില്ല. തങ്ങള്‍ക്കു കിട്ടാത്തതിന്റെ ഗര്‍വ് മാത്രമേയുള്ളൂ. അതിനിടയില്‍ മുങ്ങിപ്പോയ പാര്‍ട്ടിയുടെ സ്വത്ത് എന്ന് ആക്ഷേപിക്കപ്പെടുന്ന വി.എസ്. അവിടെയുമില്ല ഇവിടെയുമില്ലാത്ത അവസ്ഥയിലേക്ക് മാറ്റപ്പെട്ടു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പിന്റെ ബലം മാത്രമാണ് ഇപ്പോള്‍ വി.എസിന് പാര്‍ടച്ടിക്കാരന്‍ എന്നു പറയാനുള്ളത്.
content high lights;The one who founded the party was ‘exiled from the party’: No other leader’s pain and suffering is greater than that; CPM Kollam conference gave VS capital punishment