മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് നിയമസഭയിൽ റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസം വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടു.
കേന്ദ്ര സർക്കാർ മാലാഖയായല്ല, ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമർശിച്ചു. പരാതികളെല്ലാം തീർക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടിൽ കേരള മോഡൽ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവർത്തനമാണ് നടന്നത്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്? കേന്ദ്ര സർക്കാരിന് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നത്? കേരളം എന്തു ചെയ്തു എന്നതിൻ്റെ മറുപടിയാണ് കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളിയത് എന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയിൽ കോടതി ഇടപെടൽ ഉണ്ടായി. അതുണ്ടായില്ലെങ്കിൽ ഇപ്പോൾ വീടുകളുടെ നിർമ്മാണം കോൺക്രീറ്റ് വരെ എത്തുമായിരുന്നു. ഭൂമിയിൽ കയറരുത് എന്നാണ് കോടതി നിർദേശിച്ചത്. പ്രതിദിന അലവൻസ് 300 രൂപ മൂന്ന് മാസം മാത്രമേ നിയമപ്രകാരം നൽകാനാവൂ. അതുകൊണ്ടാണ് നിർത്തിയത്. വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ട് പോകും. ദുരന്ത നിവാരണ പ്രവർത്തനത്തിനിടെ ചില പ്രചാരണങ്ങൾ ഉണ്ടായി. കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമർശിച്ചു.