സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് രണ്ടു ദിവസം ആകുന്നു. കൊല്ലത്തെ ചുവപ്പു തോരണങ്ങളും, കട്ടൗട്ടറുകളും, കമാനങ്ങളും പന്തലുമെല്ലാം അഴിച്ചിട്ടും വിവാദങ്ങള്‍ക്ക് അറുതിയില്ല. അതാണ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി ഗോവിന്ദന് മാസ്റ്റര്‍ പാര്‍ട്ടിയുടെ മുഖപത്രത്തിനു നല്കിയ അഭിമുഖത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അത്, വി.എസ്. അച്യുതാനന്ദന് എന്ന സി.പി.ഐ.എം സ്ഥാപിച്ച നേതാവിനെ കുറിച്ചാണ്. സംസ്ഥാന സമ്മേളനത്തില്‍ വി.എസിന്റെ പേരില്ലാതെയാണ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.
ഒരേയൊരാള്‍ മാത്രം പ്രത്യേക ക്ഷണിതാവായി മാറുകയും ചെയ്തു. അത് ആരോഗ്യമന്ത്രിയും പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗവുമായ വീണാ ജോര്‍ജ്ജാണ്. ഇതിനെതിരേ മാധ്യമങ്ങളും, പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചകളും ആരോപണങ്ങളും അഭിപ്രായ ഭിന്നതകളും ഉടലെടുത്തിരുന്നു. വി.എസിനെയും മുതിര്‍ന്ന പാര്‍ട്ടി സഖാക്കളെയും ഒഴിവാക്കിക്കൊണ്ട്, വീണാ ജോര്‍ജ്ജിനെ മാത്രം ക്ഷണിതാവാക്കിയതിലെ നീരസം ചില നേതാക്കള്‍ സമ്മേളനത്തില്‍ത്തന്നെ പറയുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കി പത്രമായാണ് പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഗോവിന്ദന് മാസ്റ്റര്‍ മറുപടി പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ആ മറുപടി കേരളം വിശ്വസിച്ചോ ? എന്നതാണ് ചോദ്യം. കേരളമെന്നല്ല, മലയാളികള്‍ ആരും വിശ്വസിച്ചിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വി.എസ് പ്രത്യേക ക്ഷണിതാവായിരുന്നു. അപ്പോള്‍ അതേ മാനദണ്ഡം തുടര്‍ന്നാല്‍ മതിയായിരുന്നില്ലേ എന്ന് പാര്‍ട്ടിയോട് ഒരു ചോദ്യമുണ്ടായിരുന്നു ചോദിക്കാന്‍. അങ്ങനെയായിരുന്നെങ്കില്‍ ഗോവിന്ദന് മാസ്റ്റര്‍ക്ക് ഇത്രയും ന്യായീകരണത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍, അതുണ്ടായില്ല. പകരം, കഴിഞ്ഞ സമ്മേളന തീരുമാനം വി.എസിനു നല്‍കിയിരുന്ന ക്ഷണിതാവ് പട്ടം, ഈ സമ്മേളനം എടുത്തു മാറ്റുകയാണ് ചെയ്തത്.
വി.എസിനെ കഴിഞ്ഞ സമ്മേളനത്തില്‍ ക്ഷണിതാവാക്കിയതു തന്നെ പാര്‍ട്ടി സ്ഥാപക നേതാവെന്ന പരിഗണന കൊണ്ടാണ്. അല്ലാതെ, സംസ്ഥാന കമ്മിറ്റി ചേരുമ്പോള്‍ ക്ഷണിതാവായി കൃത്യസമയത്ത് വന്നിരിക്കുമെന്ന് കരുതിയല്ലല്ലോ. അന്നേ തന്നെ വി.എസിനെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നെല്ലാം മാറ്റി, ശുദ്ധികലശം ചെയ്യുന്നതിനുള്ള നീക്കം നടത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ‘ബക്കറ്റിലെ തിര മാത്രമാണ്’ വി.എസ് എന്ന് ഭംഗ്യന്തരേണ പറഞ്ഞത് ഓര്‍ക്കാന്‍ വേണ്ടി കുറിക്കുകയാണ്. പാര്‍ട്ടി അണികളും,
അംഗങ്ങളും പാര്‍ട്ടീ ഘടകങ്ങളും നെഞ്ചിലേറ്റിയിരുന്ന വി.എസിനെ ഇറക്കിവിടാന്‍ സമ്മേളനങ്ങള്‍ കുറച്ചെടുത്തെങ്കിലും അത് സാധ്യമായത് കൊല്ലം സമ്മേളനത്തിലൂടെയായിരുന്നു. വി.എസിനെ പ്രത്യേക ക്ഷണിതാവായുള്ള വാഴിക്കലിനും അറുതി വരുത്തിയാണ് കൊല്ലം സമ്മേളനത്തിന്റെ പതാക അഴിച്ചത്. എന്നാല്‍, വി.എസ് എന്ന രണ്ടക്ഷരം വീണ്ടും കത്താന്‍ തുടങ്ങുകയായിരുന്നു.
അത് ആളിപ്പടരുമെന്നു കണ്ടതോടെയാണ് ഗോവിന്ദന് മാസ്റ്റര്‍ ന്യായീകരണ ക്യാപ്സ്യൂളുമായി ചാടി വീണത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തീരുമാനിക്കുമെന്നാണ് പറയുന്നത്. തീരുമാനിക്കുകയോ തീരുമാനിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് പാര്‍ട്ടിയുടെ ഇഷ്ടം. എന്നാല്‍, വി.എസ്. എന്ന നേതാവ്, സി.പി.എമ്മിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നും അന്നും അതു തന്നെയാണ്. ആ ചരിത്രത്തെ പാര്‍ട്ടിക്ക് മറച്ചു പിടിക്കാനാവില്ല.
വി.എസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് വീണാ ജോര്‍ജ്ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവാക്കിയ ബുദ്ധി അത്ര പന്തിയായി മാലയാളികള്‍ക്ക് തോന്നിയിട്ടില്ല. മാത്രമല്ല, വി.എസിന്റെയും വീണാജോര്‍ജ്ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്നും അറിയേണ്ടതുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ എം.എല്‍.എ ആയി വന്നപ്പോഴാണ് വീണാ ജോര്‍ജ്ജ് എന്ന മാധ്യമ പ്രവര്‍ത്തക സി.പി.എമ്മുകാരി ആണെന്ന് കേരളം മനസ്സിലാക്കുന്നത്. അതായത്, വീണാജോര്‍ജ്ജ് മുഴുവന്‍സമയ രാഷ്ട്രീയ പവര്ത്തനം തുടങ്ങിയിട്ട് പത്തു വര്‍ഷത്തിനകത്ത് ആയിട്ടേയുള്ളൂ എന്നര്‍ത്ഥം. വീണയുടെ പാര്‍ട്ടീ പ്രവര്‍ത്തനം എന്നത്, പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വീണാ ജോര്‍ജ്ജിനെ കണ്ടെത്തിയത്. എം.എല്‍.എ ആകാന്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുചോദിച്ചു എന്നതല്ലാതെ, പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് അണികളുടെയോ, അംഗങ്ങളുടെയോ വീടുകളില്‍ പോയി പാര്‍ട്ടി നോട്ടീസോ, പാര്‍ട്ടി ക്ലാസോ എടുത്തിട്ടില്ല എന്ന് നിശ്ചയമായും പറയാനാകും. പാര്‍ട്ടിക്കു വേണ്ടി സെക്രട്ടേറിയറ്റ് നടയിലോ, നിയമസഭയിലേക്കോ ജാഥ നടത്തിയിട്ടുണ്ടാകില്ല. സമരം നടത്തി പോലീസ് ലാത്തിച്ചാര്‍ജ്ജ് ഏറ്റു വാങ്ങിയിട്ടില്ല. സമരങ്ങളില്‍ നേതൃത്വം നല്‍കിയിട്ടില്ല. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍
എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതു മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലേബല്‍. എന്നിട്ടും, പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രി എന്ന നിലയില്‍ CPM സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി. അവിടെ വാണാ ജോര്‍ജിനു പകരം വെട്ടിപ്പോയത്, വി.എസ്. അച്യുതാനന്ദന്റെ പേരാണെന്നു മാത്രം. സി.പി.ഐ.എം സ്ഥാപിക്കാന്‍ ഇറങ്ങിപ്പോയവരില്‍ ജീവിച്ചിരിപ്പുള്ള ഏക നേതാവ്. അദ്ദേഹത്തെയാണ് ഒഴിവാക്കിയത്. പകരം ക്ഷണിതാവാക്കിയതോ, വീണാജോര്‍ജ്ജിനെയും. ഇതാണ് ജനങ്ങള്‍ക്ക് ദഹിക്കാത്തതും.
CONTENT HIGH LIGHTS; V.S. is being insulted again: Was the wisdom of making Veena George a special invitee, ignoring V.S., questioned?; Was the controversy contained in the capsule of making the founding leader an invitee?