വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മൃഗശാലയില്‍ നിന്നും ഭയനാകമായ വാര്‍ത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഞായറാഴ്ച മൃഗശാലയിലെ ഒരു മ്ലാവ് ചത്തു. പേ വിഷബാധയാണ് മരണ കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ മ്ലാവിന്റെ കൂടും പരിസരവും ശുചിയാക്കുന്ന കീപ്പര്‍മാര്‍ക്ക് ഭയമായി. ചത്ത മ്ലാവ് പേ വിഷബാധയില്‍ കൂട്ടിലുണ്ടായിരുന്ന മ്ലാവുകളെയും കടിച്ചിരുന്നു. ഏകദേശം 65 ഓളം മ്ലാവുകളെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവയയില്‍ മിക്ക മ്ലാവുകള്‍ക്കും കടി കിട്ടിയിട്ടുണ്ടെന്നാണ് കീപ്പര്‍മാര്‍ അന്വേഷണത്തോടു പറഞ്ഞത്. വളര്‍ത്തു മൃഗങ്ങളായ പൂച്ച, പട്ടി എന്നിവയയുടെ കടി മൂലമാണ് മ്ലാവിന് പേവിഷബാധ ഉണ്ടായതെന്നാണ് സംശയം.
മൃഗശാലയിലും ഓഫീസ്, കോമ്പൗണ്ടിലും പൂച്ച, പട്ടി എന്നിവയുടെ ശല്യം രൂക്ഷമാണ്. മൃഗശാലയ്ക്കുള്ളിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ മുന്‍കാലങ്ങളില്‍ താമസിച്ചിരുന്ന ഡയറക്ടര്‍മാര്‍ അടക്കമുള്ളവര്‍ പൂച്ചയെയും പട്ടിയെയും വളര്‍ത്തിയിരുന്നു. ഇത്തരം പൂച്ച പ്രേമികള്‍ വളര്‍ത്തിയിരുന്ന പൂച്ചകളെല്ലാം പെറ്റു പെരുകി മൃഗശാലയിലും മ്യൂസിയം കോമ്പൗണ്ടിലും വ്യാപിച്ചു കഴിഞ്ഞു. തെരുവു നായ്ക്കളുടെ ശല്യവും കുറവല്ല. എന്നാല്‍, ഇതിനോടൊപ്പം വളര്‍ത്തുന്ന നായ്ക്കളെയും ഇതിനുള്ളില്‍ കാണാനാകുമായിരുന്നു. മൃഗശാലയോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിലാണ് ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. അതുകൊണ്ടു തന്നെ വളര്‍ത്തു പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും മൃഗശാലയിലെ വന്യ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കൂടുകളിലേക്ക് എത്താന്‍ എളുപ്പമാണ്.
മാത്രമല്ല, അതതു കാലങ്ങളില്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമിസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വളര്‍ത്തിയിരുന്ന പൂച്ചകളെയും നായ്ക്കളെയും അവവിടെത്തന്നെ ഉപേക്ഷിച്ചിട്ടു പോയിട്ടുമുണ്ട്. ഇവ പെറ്റു പെരുകിയതു മൂലം ക്വാര്‍ട്ടേഴ്സില്‍ പാര്‍പ്പിക്കാതെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ അനാഥമായ പൂട്ടകളും പട്ടിക്കുഞ്ഞുങ്ങലും മൃഗശാലയ്ക്കുള്ളില്‍ തമ്പടിക്കും. ഇവിടെ നിന്നും കൂടുകളിലേക്ക് കയറുകയും ചെയ്യും. ഇങ്ങനെ അലഞ്ഞു നടന്ന പൂട്ടയോ, പട്ടിയോ ആയിരിക്കാം മ്ലാവിനെ കടിച്ചതെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മ്ലാവിന് പേ വിഷബാധ ഉണ്ടായതിനു കാരണം, മുന്‍കാലങ്ങളില്‍ മൃഗശാല ക്വാര്‍ട്ടേഴ്സില്‍ വളര്‍ത്തു മൃഗങ്ങളായ പൂച്ചയെയും പട്ടിയെയും വളര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരാണെന്നും ജീവനക്കാര്‍ പറയുന്നു.
നിലവില്‍ എങ്ങനെയാണ് മ്ലാവിന് പേ വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. മൃഗശാലയുടെ വലിയ ചുറ്റുമതില്‍ ചാടിക്കടന്ന് തെരുവു പട്ടികള്‍ക്കോ, പൂച്ചകള്‍ക്കോ മൃഗശാലയ്ക്കുള്ളില്‍ എത്താനാകില്ല. മൃഗശാലയുടെ അടുത്തുള്ള വീടുകളില്‍ നിന്നും കൂടുകളിലേക്ക് എത്തിപ്പെടാനുള്ള എലുപ്പ വഴികളുമില്ല. ഈ സാഹചര്യത്തില്‍ മൃഗശാലയ്ക്കുള്ളില്‍ നിന്നും തന്നെയാണ് മ്ലാവിന് പേ വിഷബാധയേറ്റത് എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. അങ്ങനെയാണെങ്കില്‍ മൃഗശാലയ്ക്കുള്ളില്‍ വളര്‍ത്തുകയോ, സംരക്ഷിക്കുകയോ ചെയ്യുന്ന വളര്‍ത്തു മൃഗങ്ങളില്‍ നിന്നുമായിരിക്കും വിഷബാധയേല്‍ക്കാന്‍ സാധ്യയും.
ഈ സാധ്യതയാണ് രോഗ കാരണമെങ്കില്‍, അത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അല്ലെങ്കില്‍, വന്യ മൃഗങ്ങളെ മാത്രം പാര്‍പ്പിക്കുന്ന മൃഗശാലയ്ക്കുള്ളില്‍, വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തിയതു കൊണ്ടാണെന്ന് മനസ്സിലാക്കാം. എങ്കില്‍ അത് നിയമ വിരുദ്ധമാണ്. മൃഗശാലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മൃഗശാലയ്ക്കുള്ളിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയാണെങ്കില്‍ അവിടെ വളര്‍ത്തു മൃഗങ്ങളെ വ ളര്‍ത്താന്‍ പാടുള്ളതല്ലെന്ന നിയമം പാലിച്ചിട്ടില്ല എന്നതാണ് വസ്തുത. അവിടെ താമസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴസുകളില്‍ പട്ടിയെയും പൂച്ചയെയും വളര്ത്തിയരുന്നുവെന്ന് മൃഗശാലാ കീപ്പര്‍മാര്‍ ഉറപ്പിച്ചു പറയുകയാണ്.
മ്ലാവ് വര്‍ഗത്തില്‍പ്പെട്ട സാമ്പാര്‍ ഡിയര്‍ ആണ് ചത്തത്. ഇന്നലെ തിരുവനന്തപുരം മൃഗശാലയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനക്കു ശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാര്‍ക്കെല്ലാം പോസ്റ്റ് എസ്പോഷര് ആന്റി റാബീസ് വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുകയാണ്. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിന് നല്‍കാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സര്ജന് ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീമിനേയും രൂപവല്‍കരിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കുള്ള വാക്സിനേഷന് നടന്നു കൊണ്ടിരിക്കുകയാണ്. കീപ്പര്‍മാര്‍ക്കുള്ള വാക്സിനേഷനും നടക്കുന്നുണ്ട്.
ബയോ സെക്യൂരിറ്റി മേഖലയായതിനാല്‍ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാര്‍പ്പിക്കുന്നതിനു തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നല്‍കുമെന്നാണ് അറിയുന്നത്. അണുബാധയുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും, വവ്വാലുകളും കുറുക്കന്മാരും പോലുള്ള വന്യമൃഗങ്ങളില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എങ്കിലും, സാമ്പാര്‍ മാനുകളെ ”ഡെഡ്-എന്‍ഡ് ഹോസ്റ്റുകള്‍” ആയി കണക്കാക്കുന്നതിനാല്‍, കൂടുതല്‍ പകരാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് വിലയിരുത്തല്‍. ഞായറാഴ്ചയാണ് മ്ലാവ് ചത്തത്. അപ്പോള്‍ നേരത്തെ മ്ലാവിന് കടി കിട്ടിയിരിക്കുന്നു. രോഗം മൂര്‍ച്ഛിച്ചാണ് ഞായറാഴ്ച ചത്തത്.
അങ്ങനെയെങ്കില്‍ ആ കൂട്ടില്‍ കഴിയുന്ന എല്ലാ മ്ലാവുകള്‍ക്കും രോഗ സാധ്യത ഉണ്ടാകുമെന്നുറപ്പാണ്. മ്ലാവിന്റെ വായില്‍ നിന്നു വീണ സലൈവയും രോഗം പരത്താന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുളമ്പു രോഗം പിടിപെട്ട് നിരവധി മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കിയിട്ടുണ്ട്. 2007ലാണ് ഈ സംംഭവം ഉണ്ടായത്. അന്ന്, മൃഗശാലയില്‍ ടണ്‍കണക്കിനു മാലിന്യമാണ് കുന്നുകൂടിക്കിടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കുളമ്പു രോഗം പിടിപെട്ടത്. രോഗം മൂര്‍ച്ഛിച്ച് കുളമ്പു മൃഗങ്ങള്‍ ചത്തു വീഴാന്‍ തുടങ്ങിയതോടെ വലിയ വാര്‍ത്തയായി. ഒടുവില്‍ പന്നികളെയെല്ലാം മേഴ്സി കില്ലിംഗിനു വിധേയമാക്കേണ്ട സ്ഥിയുണ്ടായി. അതിനു ശേഷം രോഗം പിടിപെട്ട് നിരവധി മൃഗങ്ങള്‍ ചത്തെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഉണ്ടായിട്ടില്ല.
32 ഓളം കീപ്പര്‍മാര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചാണ് കീപ്പര്‍മാര്‍ക്ക് സൗജന്യമായി വാക്സിനേഷന് നല്‍കുന്നത്. എങ്കിലും രോഗബാധയേറ്റ് ചത്ത മ്ലാവ് നിന്ന കൂട്ടില്‍ സന്ദര്‍ശകരും, കാണാന്‍ പോയിട്ടുണ്ട് എന്നത്, ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ഞായറാഴ്ച സന്ദര്‍ശകര്‍ കൂടുതലുള്ള ദിവസം കൂടിയായിരുന്നു എന്നതും ഓര്‍ക്കണം.
CONTENT HIGH LIGHTS; Rabies outbreak at zoo extremely serious: Threat to staff and visitors alike; Source of infection remains a mystery despite vaccination; Former directors’ cat obsession and dog breeding under suspicion (Exclusive)