ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കി ആരോഗ്യവകുപ്പ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു. സൂര്യാതപം പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒ.ആര്.എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും.
ഉയര്‍ന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. ഡോക്ടമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ഈ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 5 മുതല്‍ 14 വരെ ഒരു മെഡിക്കല്‍ ടീമിനെ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം മുതല്‍ മാര്‍ച്ച് 14 വരെ മറ്റൊരു മെഡിക്കല്‍ ടീമിനെ കൂടി ആംബുലന്‍സ് ഉള്‍പ്പെടെ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ ഐഎംഎയുടെ മെഡിക്കല്‍ ടീമുകളും മറ്റ് വിഭാഗങ്ങളുടെ മെഡിക്കല്‍ ടീമുകളും വിവിധ സ്ഥലങ്ങളില്‍ വൈദ്യ സഹായം നല്‍കും.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. നഗര പരിധിയിലുള്ള അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. പൊള്ളലേല്ക്കുന്നവര്ക്ക് ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞത് 10 കിടക്കകള്‍ പ്രത്യേകമായി മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും. ഇത് കൂടാതെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നല്കാന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കാന്‍ നിര്‍ദേശം നല്കി. കനിവ് 108ന്റെ 11 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്പോണ്ടര്‍, ഐസിയു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ട്രോള് റൂം, പ്രത്യേക സ്ക്വാഡുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു. അന്നദാനം നടത്തുന്നവര്‍ക്കുള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ആറ്റുകാല്‍ ദേവീ ആഡിറ്റോറിയത്തിന് സമിപമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ട്രോള് റൂമില്‍ അന്നദാനം നടത്തുന്നവര്‍ക്കുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ക്ഷേത്ര പരിസരത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബിന്റെ പ്രവര്‍ത്തനവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ഇതുവരെ 1005 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഫെബ്രുവരി മാസം മുതല്‍ സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഉത്സവത്തോടനുബന്ധിച്ച് സമീപ ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ കൂടി ഉള്‍പ്പെടുത്തി സ്ക്വാഡ് വിപുലീകരിച്ചു.
CONTENT HIGH LIGHTS; Attukal Pongala: Extensive services including heat clinics: special medical teams, special food safety squads