ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിൽ വരവറിയിച്ചത് സെൽറ്റോസിലൂടെയാണ്. ആ മിഡ് സൈസ് എസ് യു വി വിപണി പിടിച്ചതോടെ എർട്ടിഗ പോലുള്ള വാഹനങ്ങൾ അരങ്ങ് വാഴുന്ന എം പി വി സെഗ്മെന്റിലേക്കും കിയ തങ്ങളുടെ ഒരു വാഹനത്തെ ഇറക്കിവിട്ടു. ഏകദേശം മൂന്നു വർഷം പിന്നിടുമ്പോൾ രണ്ടു ലക്ഷം ഉപഭോക്താക്കളെ സമ്പാദിച്ചു കൊണ്ട് കിയയുടെ കാരൻസ് വിജയം ഉറപ്പിക്കുന്നു. ഇന്ത്യൻ വാഹന ലോകത്തെ ഭീമനായ മഹീന്ദ്രയുടെ എം പി വിയായ മരാസോ പരാജയപ്പെട്ടിടത്താണ് കിയയുടെ ഈ നേട്ടം എന്നതു കമ്പനിയുടെ ആഹ്ളാദം ഇരട്ടിയാക്കുന്നു.
ആദ്യ കാഴ്ചയിൽ തന്നെ കണ്ണുടക്കുന്ന പ്രീമിയം രൂപമാണ് കാരെൻസിന്. അകത്തളങ്ങളും വിശാലമാണ്. സുരക്ഷയിലും ഫീച്ചറുകളിലും സെഗ്മെന്റിലെ മറ്റു വാഹനങ്ങളേക്കാൾ ഒരു പടി മുന്നിലാണ് ഈ എം പി വി. വിറ്റുപോയ രണ്ടു ലക്ഷം യൂണിറ്റ് കാരെൻസിൽ 24 ശതമാനവും ടോപ് എൻഡ് വേരിയന്റാണ്. സൺ റൂഫും മൾട്ടി ഡ്രൈവ് മോഡുകളും വെന്റിലേറ്റഡ് സീറ്റുകളും തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്കിടയിൽ ടോപ് എൻഡിനു പ്രിയമേറ്റുന്നു.
എൻജിൻ ഓപ്ഷനുകളിലേക്ക് വരുമ്പോൾ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലീറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ, 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ എന്നിവയാണുള്ളത്. ഇതിൽ പെട്രോൾ വേരിയന്റുകൾക്ക് 58 ശതമാനം വിൽപന ലഭിച്ചപ്പോൾ ഡീസൽ വേരിയന്റിനു 48 ശതമാനമാണ് വിൽപന കണക്കുകൾ. ട്രാൻസ്മിഷന്റെ കാര്യത്തിലേക്കു വരുമ്പോൾ 32 ശതമാനം ഉപഭോക്താക്കൾ ഓട്ടമാറ്റിക് അല്ലെങ്കിൽ ഐ എം ടി പതിപ്പുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സൺറൂഫുള്ള കാരെൻസിനു 28 ശതമാനം ആവശ്യക്കാരുണ്ടായിരുന്നു. 7 സീറ്റ് മോഡലാണ് 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത്. 70 രാജ്യങ്ങളിലേക്കായി 24064 യൂണിറ്റ് കാരെൻസ് കയറ്റുമതി ചെയ്യാനും കിയയ്ക്ക് ഈ വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.
content highlight: KIA MPV