തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന് പുറമേ 1000 കോടി രൂപ കൂടി ലഭ്യമാക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകള്‍ക്കായാണ് പദ്ധതി വിഹിതത്തിനു പുറമേ നല്കുന്ന ഈ ആയിരം കോടി രൂപ ചെലവഴിക്കുന്നത്. മെയ് മാസത്തിനുള്ളില്‍ തന്നെ റോഡ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നതെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അലോട്ട്മെന്റ് അനുവദിക്കാത്തതും, പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ചതു വഴിയും ഉണ്ടായതായി പറയപ്പെടുന്ന പ്രശ്നം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ ധനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് അവതരിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ധനമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയത്. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാംഭാഗ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ കൈകൊണ്ട തീരുമാന പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ വികസന ഫണ്ടിന്റെ വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 26 ശതമാനം വികസന ഫണ്ടായി നല്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്.
ഈ 26 ശതമാനം എന്നത് 30 ശതമാനം ആകുന്നതു വരെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 0.5 ശതമാനം വീതം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടായി പദ്ധതി അടങ്കലിന്റെ 27.5 ശതമാനം തുകയായ 8352 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അതില്‍ കേരള ഖരമാലിന്യ സംസ്കരണ പ്രോജക്ടിനു (KSWMP) 180 കോടി രൂപ 27.5 ശതമാനത്തിന് പുറമെയാണ് വകയിരുത്തിയിട്ടുള്ളത്.
നടപ്പ് സാമ്പത്തിക വര്‍ഷം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടിന്റെ മൂന്നു ഗഡുക്കള്‍ (5714.72 കോടി രൂപ) ഇതുവരെയും അനുവദിച്ച് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായ RLB കള്‍ക്കുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന് തുകയായ 1334 കോടി രൂപയും KSWMPയുടെ ഭാഗമായി 14.69 കോടി രൂപയും ചേര്‍ത്ത് ആകെ 7063.41 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമേ മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ മൂന്നു ഗഡുക്കളായി 4132.79 കോടി രൂപയും, ജി.പി.എഫായി 2315.63 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടിന്റെ ഭാഗമായാണ് 15-ാം കേന്ദ്ര ധനകാര്യ കമ്മിഷന് ഗ്രാന്റ് കണക്കാക്കിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷങ്ങള്‍ക്കുള്ള (Urban Local Bodies) (Non Million Plus Cities & Million Plus Urban Agglomerations) ധനകാര്യ കമ്മീഷന് ഗ്രാന്റ് ഇതുവരെയും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടില്ല.
ഇതില്‍ ആരോഗ്യ മേഖലാഗ്രാന്റായ 616.28 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. ULB കള്‍ക്കുള്ള 687 കോടി രൂപയും കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള ഈ വര്‍ഷത്തെ വികസനഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ്, ജനറല്‍പര്‍പ്പസ് ഗ്രാന്റ് എന്നിവ കൃത്യമായി നല്‍കിയിട്ടുണ്ട്. നിലവില്‍ 2024-25 സാമ്പത്തിക വര്‍ഷം 2025 മാര്‍ച്ച് 10 വരെ വികസന ഫണ്ടിനത്തില്‍ അനുവദിച്ച 5847 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ ചെലവഴിച്ചിട്ടുണ്ട്.
അതായത്, അനുവദിച്ച തുകയുടെ 82.78 ശതമാനം ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയുള്ള ബില്ലുകള്‍ക്കുള്ള തുക നടപ്പുസാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍ നിന്ന് ചെലവഴിക്കുവാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ച തുക പൂര്‍ണ്ണമായി ചെലവഴിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകളുടെ കാര്യത്തില്‍ അധിക തുക പരിഗണിക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ബാധകമാക്കുന്നില്ല. അവയ്ക്കുള്ള ഫണ്ടുകള്‍ അതത് ഹെഡ്ഡില്‍ നിന്നുതന്നെ കൃത്യമായി നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള പദ്ധതി വിഹിതത്തിന് പൊതു പദ്ധതി വിഹിതവുമായി ഒരു ബന്ധവുമില്ല. 12 ഗഡു നല്‍കേണ്ട ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ ഈ മാസത്തെ ഗഡു ഒഴികെയുള്ളതെല്ലാം നല്‍കിയിട്ടുണ്ട്.
മെയിന്റനന്‍സ് ഗ്രാന്റും പ്ലാന്‍ ഫണ്ടും പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ട്. പദ്ധതി മുന്‍ഗണനാ വല്‍ക്കരണ പ്രവര്‍ത്തനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവുമായി ഒരു ബന്ധവുമില്ല. അത്തരം പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന പദ്ധതിയില്‍ പട്ടികവിഭാഗ ഘടക പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുകകളില്‍ നിന്നും ഒരു കുറവും വരുത്തിയിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിട്ടത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു പൈസയും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നടത്തി കടമെടുക്കാനുള്ള അവകാശം ഉറപ്പാക്കിയതിലൂടെ ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് അന്നുവരെയുള്ള എല്ലാ വിഭാഗം കുടിശ്ശികകളും കൊടുത്തുതീര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നെല്ല് സംഭരണവുമായി 1400 കോടിയിലധികം രൂപയാണ് നല്‍കിയത്. കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ട് കെ.റ്റി.ഡി.എഫ്.സിയുടെയും കേരള ബാങ്കിന്റെയും ബാധ്യതകള്‍ തീര്‍ക്കാനടക്കം പണം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
CONTENT HIGH LIGHTS; 1000 crores for local bodies: The amount will be spent on the development of local roads; Finance Minister assures that no restrictions will be imposed on the allocation of funds