മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല ലോകത്താകമാനം നിരവധി ആരാധകരാണ് സായ് പല്ലവിക്ക്. മേക്കപ്പിനോട് വലിയ താൽപര്യം ഇല്ലാത്ത താരം സിനിമയിൽ മാത്രമാണ് ആവശ്യമെങ്കിൽ മേക്കപ്പ് ഉപയോഗിക്കുന്നത്. സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖതാരം നാഗ ചൈതന്യ.
ഇരുവരുമൊന്നിച്ചുള്ള ചിത്രം തണ്ടേലിന്റെ പ്രമോഷനിടയിലാണ് ചായ് ഇക്കാര്യം സായ് പല്ലവിയുടെ ആരാധകരോട് പങ്കുവച്ചത്. ദിവസവും അഞ്ച് ലീറ്ററെങ്കിലും കരിക്കിന്‍വെള്ളം സായ് പല്ലവി കുടിക്കാറുണ്ടെന്നായിരുന്നു നാഗചൈതന്യയുടെ വെളിപ്പെടുത്തല്‍. ഇത് കേട്ടതും ചിരിക്കാന്‍ തുടങ്ങിയ താരം, അത്രയൊന്നുമില്ലെങ്കിലും താന്‍ രണ്ട് ലീറ്ററെങ്കിലും കുടിക്കാറുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. സൗന്ദര്യ സംരക്ഷണത്തിന് തേനും മഞ്ഞളുമടങ്ങുന്ന തനിനാടന്‍ രീതിയാണ് താരം പിന്തുടരുന്നത്.
ഒപ്പം മുടിയുടെ സംരക്ഷണത്തിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ഉപയോഗിക്കന്നത് സായ് പല്ലവി ശീലമാക്കിയിട്ടുണ്ട്. ഇത് മുടിയും തലയോട്ടിയും വരണ്ടു പോകാതെ ഈർപ്പം നിലനിർത്താൻ സഹായിക്കും. മുടി കൊഴിച്ചിൽ താരൻ എന്നിവയ്ക്ക് മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. ഒപ്പം മുടിയിൽ അധികമായി ചീർപ്പ് ഉപയോഗിക്കാറില്ലെന്നും കൈ ഉപയോഗിച്ച് മാത്രമേ മുടി ഒതുക്കാറുള്ളൂവെന്നാണ് താരം മുൻപ് പറഞ്ഞത്. ഇതൊന്നും കൂടാതെ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളും, യോഗയും ഡാൻസും ഒക്കെ ചെയ്യുന്നതും സായിപല്ലവിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു.
പലപ്പോഴും അഭിമുഖങ്ങളിലും പൊതുപരിപാടികളിലും മേക്കപ്പില്ലാതെ ‘നാച്ചുറല്‍ ബ്യൂട്ടി’യായാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. മുഖം നിറയെ മുഖക്കുരുവും ചുവന്ന പാടുകളുമായാണ് പ്രേമം സിനിമയില്‍ സായ് പല്ലവി അഭിനയിച്ചതും. മുഖക്കുരു ഒരു ശല്യക്കാരന് ആയിരുന്നുവെന്നും ഡയറ്റ് ശരിയാക്കിയതോടെയാണ് മുഖക്കുരുവില്‍ നിന്ന് രക്ഷപെട്ടതെന്നും സായ് പല്ലവി പിന്നീട് വെളിപ്പെടുത്തി.