പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പെടുക്കുന്ന തിരക്കിലാണ് മൃഗശാലയിലെ കീപ്പര്‍മാരും ജീവനക്കാരും. കഴിഞ്ഞ ഞായറാഴ്ച മ്ലാവ് ഇനത്തില്‍പ്പെട്ട മാനായിരുന്നു പേ വിഷബാധയേറ്റ് ചത്തത്. ഇതോടെ മ്യൂസിയം മൃഗശാല വകുപ്പ് വീണ്ടും ഭയത്തിന്റെ പിടിയില്‍ ആയിരിക്കുകയാണ്. പേവിഷബാധയുടെ വിവരം പുറത്തറിഞ്ഞതോടെ കീപ്പര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആന്റി റാബിസ് വാക്സിന് നല്‍കാനുള്ള നടപടികള്‍ വകുപ്പ് എടുത്തിട്ടുണ്ട്. എന്നാല്‍, പുറത്തറിയാതെ സൂക്ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്. മൃഗശാലയിലെ മിക്ക മൃഗങ്ങള്‍ക്കും ക്ഷയരോഗം(TB)പിടിപെട്ടിരിക്കുന്ന സംഭവം. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ് മൃഗശാലയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
രണ്ടു മാസം മുമ്പ് ചത്ത കാട്ടു പോത്തും, നാലു മാസം മുമ്പ് ചത്ത മൂര്‍ഖന്‍ പാമ്പും ടി.ബി ബാധിച്ചാണ് ചത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ മൃഗവും, പാമ്പിന് കൂട്ടിലെ ചേരകളും കൂട്ടത്തോടെ ചാകാനിടയായതും ടി.ബി ബാധയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ മാനദണ്ഡപ്രകാരം നിര്മന്മിച്ചിരിക്കുന്ന കൂടുകളില്‍ പാര്‍പ്പിച്ചിട്ടുള്ള വന്യ മൃഗങ്ങള്‍ക്ക് ടി.ബി. ബാധിക്കുന്ന സാഹചര്യം മൃഗശാലയില്‍ ഉണ്ടായത് എങ്ങനെയാണ് എന്നാണ് അറിയേണ്ടത്. പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന മൃഗങ്ങള്‍ക്ക് ക്ഷയരോഗം നല്കിയതാരാണ് ?. എങ്ങനെയാണ് രോഗം വാഹകര്‍ മൃഗശാലയില്‍ എത്തിയത് ?.
അതീവ രഹസ്യമായി സൂക്ഷിക്കുന്ന ഇക്കാര്യങ്ങള്‍ പുറം ലോകമറിയേണ്ട കാര്യങ്ങളാണ്. കാരണം, സാധാരണ ജനങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഇടമാണ് മൃഗശാലയും മ്യൂസിയവും. സ്കൂള്‍ കുട്ടികളും, വിദേശികളും എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, കാട്ടില്‍ കഴിയേണ്ട വന്യ മൃഗങ്ങളെ കൂട്ടിലിട്ട് പ്രദര്‍ശന വസ്തുക്കളായി മനുഷ്യന്റെ വിനോദവും വിജ്ഞാനോപാധിയും സാമ്പത്തിക സ്രോതസ്സുമായി ഉപയോഗിക്കുമ്പോള്‍, അവയെ കൃത്യമായി പരിപാലിക്കാനും കഴിയണം. അവയെ കൂട്ടിലടച്ച് സ്വാതന്ത്ര്യം നിഷേധിക്കുകയും, അതിനോടൊപ്പം അവയ്ക്ക് രോഗങ്ങള്‍ നല്കി പീഡിപ്പിക്കുയും ചെയ്യുന്നത് മനുഷ്യത്വമല്ല.
മൃഗശാലയില്‍ ചെയ്യുന്നത് ഈ മനുഷ്യത്വ രഹിതമായ കാര്യമാണ്. കൃത്യമായ ചികിത്സ പോലും കിട്ടാതെ മരിച്ച മൃഗങ്ങള്‍ എത്രയെണ്ണമുണ്ടെന്നു പോലും നിശ്ചയമില്ല. മൃഗശാലയില്‍ ചാകുന്ന മൃഗങ്ങളുടെ കണക്കുകള്‍ ഒരു നിയയമസഭാ സാമാജികനും നിയമസഭയില്‍ ചോദ്യമായി ഉന്നയിക്കാറില്ല. മന്ത്രിക്ക് അതിന് മറുപടി പറയേണ്ടതുമില്ല. മിണ്ടാപ്രാണികളെ എങ്ങനെ പീഡിപ്പിച്ചു കൊന്നാലും എല്ലാവരും സുരക്ഷിതരാണ്. ഒരു കോണില്‍ നിന്നു പോലും അവര്‍ക്കു വേണ്ടി ചോദ്യങ്ങളോ, സമരങ്ങളോ, പ്രതിഷേധങ്ങളോ ഉയരില്ല എന്ന വിശ്വാസമാണ് ഉള്ളത്. അതുകൊണ്ടാണ് കാഴ്ച ബംഗ്ലാവിലെ മൃഗങ്ങള്‍ക്ക് ഈ പീഡനം അനുഭവിക്കേണ്ടി വരുന്നത്.
മാസങ്ങള്‍ക്കു മുമ്പ് ചത്ത കാട്ടുപോത്ത് മെലിഞ്ഞുണങ്ങി, ശ്വാസം വലിക്കാനാവാതെയാണ് ചത്തതെന്ന് കീപ്പര്‍മാര്‍ പറയുമ്പോള്‍ അത്, അനുഭവിച്ച വേദന എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാനാവില്ല. മനുഷ്യര്‍ക്ക് ടി.ബി പിടിപെട്ടാല്‍ എന്തായിരിക്കും അവസ്ഥ. കൃത്യമായ ചികിത്സയും ബോധവത്ക്കരണവും, ആസുപത്രിയുമെല്ലാം ഉള്ളതുകൊണ്ട് ചിക്തിസിച്ചു ഭേദമാക്കാം. എന്നാല്‍, കൂടിനുള്ളില്‍ കിടക്കുന്ന മൃഗങ്ങലുടെ അവസ്ഥ എന്തായിരിക്കും. എന്താണ് രോഗമെന്നു പോലും ചത്തതിനു ശേഷം നടത്തുന്ന പരിശോധനയില്‍ അല്ലാതെ എങ്ങനെ തിരിച്ചറിയാനാകും. ചാകുന്നതിനു മുമ്പ് രോഗം തിരിച്ചറിയാന്‍ കഴിയുന്ന ആള്ക്കാര് മൃഗശാലയില്‍ ഉണ്ടായിട്ടും, രോഗം കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് മൂര്‍ഖന്റെയും കാട്ടു പോത്തിന്റെയും കൃഷ്ണ മൃഗത്തിന്റെയും മരണങ്ങള്.
മൃഗശാലയില്‍ മൂന്ന് മൂഖന്‍ പാമ്പുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണം ചത്തു. രണ്ടിനും ടി.ബി ബാധിച്ചിരുന്നുവെന്നാണ് പരിഷോധനാ ഫലം. മൂന്നാമത്തേതിനും രോഗബാധയുണ്ട്. എന്നാല്‍, അതിന് മരുന്നു നല്കി ഭേദമാക്കിയിട്ടുണ്ട്്. ആറോളം ചേരകള്‍ ഉണ്ടായിരുന്നതില്‍ മൂന്നെണ്ണം ടി.ബി പിടിപെട്ട് ചത്തു. നിലവില്‍ മൃഗശാലയിലെ ഏകദേശം മൃഗങ്ങള്‍ക്കും ടി.ബി പിടിപെട്ടിട്ടുണ്ട് എന്നാണ് സൂചന. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ രോഗം പിടിപെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ. മിക്ക മൃഗങ്ങളും മെലിഞ്ഞ് ഉണങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ജീവനക്കാരില്‍ ഭീരിഭാഗംപേരും പറയുന്നത്. ടി.ബി എങ്ങനെ പടര്‍ന്നു പിടിച്ചു എന്നതിന് ഇപ്പോഴും കീപ്പര്‍മാര്‍ക്കോ, ജീവനക്കാര്‍ക്കോ വ്യക്തമായ ഉത്തരമില്ല. എന്നാല്‍, ടി.ബി മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കു പിടിപെടുമെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല.
ഇപ്പോള്‍ മ്ലാവിനു പിടിപെട്ട പേവിഷ ബാധയില്‍, കീപ്പര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആന്റി റാബിസ് വാക്സിന് നല്കുന്ന നടപടികള്‍ നടക്കുകയാണ്. വാക്സിന്റെ ആദ്യ ഡോസ് ഇന്നലെ കുറച്ചു പേര്‍ക്ക് നല്കി. ഇന്ന് അടുത്ത് ടീമിന് നല്‍കുന്നുണ്ട്. മൂന്ന് ഡോസ് വാക്സിന് നല്‍കുമെന്നാണ് അറിയുന്നത്. കൂട്ടില്‍ കിടക്കുന്ന മറ്റു മ്ലാവുകള്‍ക്കും രോഗബാധ ഏല്ക്കാന് സാധ്യത കൂടുതലാണെന്ന നിഗമനത്തില്‍ അവയ്ക്കും വാക്സിന് നല്‍കുന്നുണ്ട്. നിലവില്‍ ചില മ്ലാവുകള്‍ പേവിഷബാധ ഏറ്റതിനു സമാനമായ ചേഷ്ടകള്‍ കാണിക്കുന്നുണ്ടെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. എന്നാല്‍, മ്ലാവുകള്‍ ഇത്തരം ചേഷ്ടകള്‍ സാധാരണയായി കാണിക്കുന്നതു കൊണ്ട് രോഗബാധയാണോ എന്ന് ഉറപ്പിക്കാനും വയ്യാത്ത സ്ഥിതിയുണ്ട്.
അതേസമയം, മൃഗശാലയിലെ പേവിഷബാധയും ജീവനക്കാരുടെ വാക്സിനേഷനും സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു ദിവസത്തിനുള്ളില്‍ വകുപ്പു തല യോഗം വിളിച്ചിട്ടുണ്ട്. രോഗം പിടിപെട്ടതിന്റെ കാരണവും, രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതിനുമൊക്കെയുള്ള മുന്‍കരുതലുകളാകും യോഗത്തില്‍ ചര്‍ച്ചയാവുക. എന്നാല്‍, ഇതിനിടയില്‍ ചര്‍ച്ച ചെയ്യാതെയും, രഹസ്യമാക്കി വെയ്ക്കുന്നതുമായ ടി.ബി വില്ലനായി തന്നെ നില്‍ക്കുകയാണ്. ചികിത്സയുമില്ല, മരുന്നുമില്ല. രോഗം പിടിപെട്ടതെങ്ങനെയെന്നും അറിയില്ല.
ഇനിയും ടി.ബി പിടിപെട്ട മൃഗങ്ങള്‍ ചത്തുപോകാന്‍ പാകത്തിന് മ-ഗശാലയിലെ കൂടുകളില്‍ നില്‍പ്പുണ്ട്. അവയ്ക്കു വേണ്ടി പറയാന്‍ ജനപ്രതിനിധികള്‍ ഇല്ലാത്തതു കൊണ്ട് നിയമസഭയുമില്ല ചോദ്യമില്ല പറച്ചിലുമില്ല. ചത്താല്‍ വെട്ടിമൂടും. അത്രതന്നെ. പക്ഷെ, അവയുടെ പേരില്‍ കിട്ടുന്ന കണക്കില്ലാത്ത ഫണ്ടും, ശമ്പളവും, അലവന്‍സുകളുമെല്ലാം ആവോളം വാങ്ങി ആസ്വദിക്കും. ആര് ചോദിക്കാന്‍. ഇതാണ് വകുപ്പിന്റെ ലൈന്‍.
CONTENT HIGH LIGHTS;Zoo animals contract deadly tuberculosis: Only rabies was discovered; Authorities kept information about the disease secret; Cobra and buffalo died of the disease (Exclusive)