പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് വമ്പൻ സർപ്രൈസ് തീർക്കുകയായിരുന്നു നവീൻ.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയ ഭാവന, ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഒരു ഹൊറർ ചിത്രത്തിന് വേണ്ടിയായിരുന്നു. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ‘ഹണ്ട്’ എന്ന സിനിമയിലെ നായികയായിരുന്നു ഡോ. കീർത്തി എന്ന കഥാപാത്രം ചെയ്ത ഭാവന.
‘ദ ഡോർ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിരിക്കും റിലീസിന് എത്തുക.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം.
അജിത്തിനൊപ്പം നായികയായി എത്തിയ ‘ആസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.