കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ ഒരു കൂട്ടം സിനിമകൾ തിയേറ്ററുകളിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു മുഫാസ: ദ ലയൺ കിംഗ്. 200 മില്യൺ ഡോളർ മുടക്കി റിലീസ് ചെയ്ത ചിത്രമാണിത്. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത ദ ലയൺ കിങ്ങിന്റെ പ്രീക്വൽ ആയിരുന്നു.
ഇപ്പോഴിതാ തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം മുഫാസ ഒടിടിയിൽ റിലീസിന് ഒരുങ്ങുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ജിയോ ഹോട്ട്സ്റ്റാറിനാണ് മുഫാസ ദ ലയൺ കിങ്ങിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
മാർച്ച് 26 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭഷകളിൽ ചിത്രം എത്തും. റെക്കോർഡ് തുകയ്ക്കാണ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് അവകാശം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അതേസമയം 2024 ഡിസംബർ 20ന് റിലീസ് ചെയ്ത ചിത്രമാണ് മുഫാസ: ദ ലയൺ കിംഗ്. ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 700 മില്യൺ ഡോളറാണ് ഇതുവരെ മുഫാസ കളക്ട് ചെയ്തിരിക്കുന്നത്.
അതായത് 6093 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടോപ് 10 ചിത്രങ്ങളിൽ ഒന്നും മുഫാസയാണ്.