ആലപ്പുഴയില്‍ നടക്കുന്ന കെസിഎ പ്രസിഡന്റ്സ് ട്രോഫിയുടെ ഫൈനലില്‍ റോയല്‍സ് ലയണ്‍സിനെ നേരിടും. ലീഗ് ഘട്ടം അവസാനിച്ചതോടെ പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലയണ്‍സും റോയല്‍സും ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതേ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ലയണ്‍സ് റോയല്‍സിനെ നാല് വിക്കറ്റിന് തോല്പിച്ചു. മറ്റൊരു മത്സരത്തില്‍ ഈഗിള്‍സ് ടൈഗേഴ്സിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി.
കരുത്തന്മാരുടെ പോരാട്ടത്തില്‍ കൃഷ്ണദേവന്റെ ഉജ്ജ്വല ഇന്നിങ്സാണ് ലയണ്‍സിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 48 റണ്‍സെടുത്ത ജോബിന് ജോബിയും 43 റണ്‍സെടുത്ത റിയ ബഷീറുമാണ് റോയല്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ എട്ട് പന്തുകളില്‍ നിന്ന് 22 റണ്‍സുമായി അഖില്‍ സ്കറിയയും മികച്ച പ്രകടനം കാഴ്ച വച്ചു. ലയണ്‍സിനായി ഷറഫുദ്ദീന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയണ്‍സിന് മുന്‍നിര ബാറ്റര്‍ മികച്ച തുടക്കം നല്കി. അശ്വിന് ആനന്ദ് 42ഉം അര്ജുന് എ കെ 33ഉം ഗോവിന്ദ് പൈ 29ഉം റണ്‍സ് നേടി. എന്നാല്‍ തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ തോല്‍വി മുന്നില്‍ക്കണ്ട ലയണ്‍സിന് വിജയമൊരുക്കിയത് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു കൃഷ്ണദേവന്റെ പ്രകടനമാണ്. 12 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്ലുമടക്കം 43 റണ്‍സുമായി കൃഷ്ണദേവന് പുറത്താകാതെ നിന്നു. രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ റോയല്‍സ് ലക്ഷ്യത്തിലെത്തി.
ഈഗിള്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സിന് ബാറ്റര്‍മാരുടെ മോശം പ്രകടനം തിരിച്ചടിയായി. അഭിഷേക് നായരും അന്‍ഫലും രോഹന് നായരും മാത്രമാണ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. 19.1 ഓവറില്‍ 104 റണ്‍സിന് ടൈഗേഴ്സ് ഓള് ഔട്ടാവുകയായിരുന്നു. 37 റണ്‍സെടുത്ത അഭിഷേകാണ് ടോപ് സ്കോറര്‍. അന്‍ഫല്‍ 25ഉം രോഹന് 21ഉം റണ്‍സെടുത്തു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും രാഹുല്‍ ചന്ദ്രനുമാണ് ഈഗിള്‍സ് ബൌളിങ് നിരയില്‍ തിളങ്ങിയത്. അജിത് വാസുദേവന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിള്‍സ് 8.1 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി. വിഷ്ണുരാജും അനന്തകൃഷ്ണനും നല്കിയ അതിവേഗ തുടക്കത്തിന് ശേഷമെത്തിയ അക്ഷയ് മനോഹറും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ച വച്ചു. 17 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കം 40 റണ്‍സ് നേടിയ അനന്തകൃഷ്ണനാണ് ഈഗിള്‍സിന്റെ ടോപ് സ്കോറര്‍. വിഷ്ണുരാജ് 31ഉം അക്ഷയ് മനോഹര്‍ 12 പന്തുകളില്‍ 32 റണ്‍സുമായും പുറത്താകാതെ നിന്നു.