തൃശൂർ: നിക്ഷേപ തട്ടിപ്പിൽ അരകോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് നാമക്കൽ ഗണേശപുരം സ്വദേശിയായ ചന്ദ്രശേഖരൻ (49) ആണ് അറസ്റ്റിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അർ ഇളങ്കോവിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ തൃശൂർ ഇസ്റ്റ് പൊലീസ് തമിഴ്നാട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഊട്ടിയിൽ നിന്നും എത്തിച്ച ഗ്രീൻ ടീ ബാഗുകൾ കാട്ടി വിശ്വാസം നേടിയ ശേഷം ഗ്രീൻ ടീ ബിസിനസിലേക്കെന്ന പേരിൽ നിക്ഷേപം ക്ഷണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന പണത്തിന് അമിത ലാഭവും ബാങ്ക് ഗ്യാരണ്ടിയും നൽക്കുമെന്ന് വാഗ്ദാനം ചെയ്ത് പതിനെട്ടോളം പേരിൽ നിന്നും 53,50000/- രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2023 ജൂലായ് മാസം മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിക്ഷേപങ്ങൾക്ക് അമിതലാഭവും നിക്ഷേപിക്കുന്ന തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടിയും വാഗ്ദാനം നൽകിയാണ് തമിഴ്നാട് ആസ്ഥാനമായ YESSIXX TRADEERS എന്ന സ്ഥാപനം നിക്ഷേപങ്ങൾ ക്ഷണിച്ചത്. പതിനെട്ടോളം പേരിൽ നിന്നും വിവിധ അക്കൗണ്ടുകളിൽ നിന്നുമായി നിക്ഷേപതുക വാങ്ങുകയും ചെയ്തു. പിന്നീട് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന ഗ്യാരണ്ടിയും പലിശയും ലഭിക്കാതെയായപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ചേറൂർ സ്വദേശിനി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപെടുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലെ നാമയ്ക്കലിൽ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലെ നാമക്കലിലെത്തി വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്രീൻ ടീ ബിസിനസിലേക്കെന്ന പേരിലാണ് സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. ഓഫീസിലെത്തുവന്നരെ വിശ്വസിപ്പിക്കുന്നതിനായി ഊട്ടിയിൽ നിന്നും എത്തിച്ച ഗ്രീൻ ടീ യുടെ ബാഗുകൾ വയ്ക്കുകയും കുറച്ച് നിക്ഷേപകർക്ക് ബാങ്ക് ഗ്യാരണ്ടി ശരിയാക്കി കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ പരിചയക്കാരെ നിക്ഷേപത്തിലേക്ക് കൊണ്ടുവരുന്നവർക്ക് കമ്മീഷൻ എന്ന വ്യവസ്ഥയും നൽകി കൂടുതൽ പേരെ നിക്ഷേപിത്തിലേക്ക് എത്തിക്കുക വഴി 53,50000/- രൂപയാണ് തട്ടിപ്പുനടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെകടർ ഷിബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
content highlight :The main accused in the investment fraud case of embezzling over half a crore rupees has been arrested.