ന്യൂഡൽഹി: സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രാലയം. ആർമി ഡിസൈൻ ബ്യൂറോ തയ്യാറാക്കിയ മാർഗരേഖ അംഗീകാരത്തിനായി സമർപ്പിച്ചു.
തദ്ദേശീയ ഉൽപന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നീക്കം. ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽ നിന്ന് വാങ്ങണമെന്നതുൾപ്പെടെ നിർദേശമുണ്ട്. അതിർത്തികളിൽ കരസേന ഉപയോഗിക്കുന്ന ഡ്രോണുകൾ ചൈനീസ് സാങ്കേതികവിദ്യയും ഘടകങ്ങളും കൊണ്ടാണു പ്രവർത്തിക്കുന്നതെന്ന വിമർശനം രൂക്ഷമായിരുന്നു.
ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ 400 ഡ്രോണുകൾക്കുള്ള കരാർ സൈന്യം ഏതാനും മാസം മുൻപു റദ്ദാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പു നൽകി.